കാഴ്ചയില്‍ ചുരയ്ക്ക പോലിരിക്കുന്നതും വെള്ളരിയ്ക്കയുടെ വര്‍ഗ്ഗത്തില്‍ പെടുന്നതുമായ പൊട്ടുവെള്ളരി (Blonde Cucumber) നമ്മുടെ നാട്ടില്‍ സുലഭമായ ഒന്നല്ല. എന്നാല്‍ ക്യാന്‍സര്‍ ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പൊട്ടുവെള്ളരി ജ്യൂസ് കൊടുങ്ങല്ലൂരിലും മാളയിലും പരിസരപ്രദേശങ്ങളിലും നിത്യകാഴ്ചയാണ്. എറണാകുളത്തും തൃശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളിലുമാണ് കൂടുതലായും ഈ വിളയ്ക്ക് വിപണിമൂല്യമുള്ളത്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലും പാനായിക്കുളത്തും, തൃശൂര്‍ ജില്ലയിലെ മാള, അഷ്ടമിച്ചിറ, പുത്തന്‍ചിറ എന്നിവിടങ്ങളിലും വന്‍തോതില്‍ കൃഷി നടത്തിവരുന്നു. വേനലില്‍ വെള്ളമൊഴിഞ്ഞ വയലുകളില്‍ ആണ് കൃഷി ചെയ്തുവരുന്നത്. കരഭൂമിയിലും കൃഷി ചെയ്യാം. വഴിയോര വില്പനശാലകളില്‍ തണ്ണിമത്തന്‍, കുലുക്കിസര്‍ബത്ത് എന്നിവയോടൊപ്പം പൊട്ടുവെള്ളരിക്ക ജ്യൂസും ഇപ്പോള്‍ വ്യാപിച്ചുവരികയാണ്.

ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും പൊട്ടുവെള്ളരിജ്യൂസ് കഴിക്കുന്നത് നല്ലതാണ്. പൊട്ടുവെള്ളരിക്കയുടെ തോലിനും കുരുക്കള്‍ക്കും ഇടയിലുള്ള മാംസളമായ ഭാഗം എടുത്ത് തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്താല്‍ പൊട്ടുവെള്ളരി ജ്യൂസ് ലഭിക്കും. പൊട്ടുവെള്ളരിയുടെ മാംസളമായ ഭാഗം അടര്‍ത്തിയെടുത്ത് പഞ്ചസാര ലായനിചേര്‍ത്തും ജ്യൂസ് ഉണ്ടാക്കുന്നവരുണ്ട്. വഴിയോരവിപണികളില്‍ ഈ രീതിയിലാണ് ജ്യൂസ് ലഭിക്കുക. നെല്‍കര്‍ഷകര്‍ വേനല്‍ വിളയായി പാടശേഖരങ്ങളില്‍ പൊട്ടുവെള്ളരി കൃഷി ഇറക്കാറുണ്ട്. വിത്തുപാകി 45 ദിവസത്തിന് ശേഷം വിളവെടുക്കാന്‍ കഴിയുമെന്നതാണ് ഈ കൃഷിയുടെ പ്രധാന പ്രത്യേകത. ഒരു ചെടിയില്‍നിന്ന് അഞ്ചോ ആറോ തവണ വിളവെടുക്കാം. പൂര്‍ണ്ണവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ഇവ വിളവെടുക്കാം. പഴുപ്പ് അധികമായാല്‍ ഇവ സ്വയം പൊട്ടി കഷണങ്ങളാകുന്നു. അതുകൊണ്ടാണ് ഈ വിളയ്ക്ക് പൊട്ടുവെള്ളരി എന്ന പേരു ലഭിച്ചത്. ഒരു വെള്ളരിക്കയ്ക്ക് അര കിലോ മുതല്‍ അഞ്ച് കിലോ തൂക്കം വരെ വളര്‍ച്ചയുണ്ടാകാറുണ്ട്.

ജൈവരീതിയില്‍ കൃഷിചെയ്യുന്ന പൊട്ടുവെള്ളരി കൃഷിയില്‍ ഒരേക്കറില്‍നിന്ന് 12 ടണ്ണോളം വിളവ് ലഭിക്കുമെന്നതാണ് യുവകര്‍ഷകരെ ഈ രംഗത്തേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കുന്നതും ലാഭകരമാണ്. കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ എറണാകുളമാണ് പൊട്ടുവെള്ളരിയുടെ പ്രധാന വിപണി. ഇവിടേയ്ക്ക് നെടുമ്പാശ്ശേരി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നാണ് ടണ്‍കണക്കിന് പൊട്ടുവെള്ളരി എത്തുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് സീസണ്‍. കായീച്ച ശല്യമാണ് ഈ കൃഷിക്ക് പ്രധാനഭീഷണി. ഫെര്‍മോണ്‍ കെണി ഉപയോഗിച്ചാണ് കായീച്ചകളെ പൂര്‍ണ്ണമായി തുരത്തുന്നത്. മൊത്തവിലയായി 25 മുതല്‍ 35 വരെ കിലോയ്ക്ക് വിലകിട്ടുന്ന പൊട്ടുവെള്ളരിക്ക് ചില്ലറവിപണിയില്‍ കിലോയ്ക്ക് 60 രൂപവരെ ലഭിക്കും.

മികച്ച വിളവെടുപ്പ് ലഭിക്കണമെങ്കില്‍ കൃത്യമായ പരിചരണവും തുള്ളിനനയും ആവശ്യമാണെന്ന് പൊട്ടുവെള്ളരികൃഷിയില്‍ മികച്ചവിജയം കൈവരിച്ച പുത്തന്‍ചിറ കണ്ണികുളങ്ങര സ്വദേശിയും പാരമ്പര്യകര്‍ഷകനും മുന്‍ പഞ്ചായത്ത് മെമ്പറുമായ സജീവ് തിരുകുളം പറയുന്നു. നൂറുശതമാനം ജൈവകൃഷിരീതിയാണ് ഇദ്ദേഹത്തിന്റേത്. ജൈവകൃഷിരീതിയുടെ ഉപജ്ഞാതാവായ മഹാരാഷ്ട്ര സ്വദേശി സുഭാഷ് പാലേക്കറുടെ കൃഷിരീതിയും നൂതനകൃഷിരീതിയും സംയോജിപ്പിച്ചാണ് ഇദ്ദേഹം കൃഷി നടത്തുന്നത്. വളമായി നാടന്‍പശുവിന്റെ ചാണകവും ഗോമൂത്രവും പുളിച്ച മോരും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നു. കീടനാശിനി ഉണ്ടാക്കുന്നതും ജൈവരീതിയില്‍തന്നെ. ഇതിനായി കാഞ്ഞിരം, ആര്യവേപ്പ്, കറിവേപ്പ്, ശീമക്കൊന്ന, പപ്പായ എന്നിവയുടെ ഇലകള്‍ 5 കിലോ വീതം 40 ലിറ്റര്‍ നാടന്‍പശുവിന്റെ മൂത്രത്തില്‍ 20 ദിവസം ഇട്ടുവച്ച് ഉണ്ടാക്കിയെടുക്കുന്ന കീടനാശിനി 4 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് തളിക്കുന്നത്. കോഴിക്കാഷ്ടവും വളമായി ഉപയോഗിക്കും. ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് 30 ടണ്ണോളം വിളവ് ലഭിക്കുമെന്നതിനാല്‍ യുവ കര്‍ഷകര്‍ വന്‍തോതില്‍ ഭൂമി പാട്ടത്തിനെടുത്താണ് മാളയില്‍ കൃഷി ചെയ്തുവരുന്നത്.