ഇതാരാ ഈ അമ്പലത്തെ എടുത്തുകൊണ്ടുപോയി കുളത്തിലിട്ടേ…? അരക്കുപറമ്പ് ശ്രീഅര്‍ദ്ധനാരീശ്വരക്ഷേത്രത്തെ ആദ്യമായി കാണുന്നവര്‍ക്ക് അങ്ങനെയെ തോന്നൂ. ശ്രീകോവിലും ചുറ്റമ്പലവും വെള്ളത്തിലാണ്. മേഖലയിലെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. അതും വാട്ടര്‍ലെവലിനു താഴെ. അപ്പോള്‍പിന്നെ അങ്ങനെയല്ലേ വരൂ. അര്‍ദ്ധനാരീശ്വരനെ കണ്ടുവണങ്ങാന്‍ ആദ്യം തന്നെ കുളത്തിന്റെ പടികള്‍ പോലെ ക്ഷേത്രമതില്‍വട്ടത്തുനിന്ന് താഴോട്ട് ഇറങ്ങണം. കാലെടുത്തുവയ്ക്കുന്നത് വെള്ളത്തിലേക്കാണ്. മുട്ടൊപ്പം വെള്ളം. പരിസരത്തുതന്നെയുള്ള കുളത്തിന്റെ അതേ ജലനിരപ്പാണ് ക്ഷേത്രത്തിനുള്ളിലേക്കും നീണ്ടുപരന്നുകിടക്കുന്നത് എന്നുകാണാം. പണ്ടുകാലത്തെ ക്ഷേത്രനിര്‍മ്മിതികളെല്ലാം ഇതുപോലെ കൗതുകരമായിരിക്കും. അതു ആസ്വദിക്കാനായി ആരെങ്കിലും ക്ഷേത്രദര്‍ശനം നടത്താറുണ്ടോ? ഇല്ല. ക്ഷേത്രപ്രതിഷ്ഠയെക്കാള്‍ പ്രശസ്തിയാണ് ക്ഷേത്രനിര്‍മ്മിതിക്ക്. അങ്ങനെയുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണ്. ഈ പ്രശസ്തിവഴി ഇവിടേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നു. പുതുതായി ഒരു അമ്പലം പണിയുമ്പോള്‍ പോലും ആര്‍ക്കും ഇങ്ങനെ ഒരു സൂത്രം തോന്നുന്നില്ലല്ലോ. അവിടെയാണ് പ്രാചീനകാലഘട്ടത്തിലെ ക്ഷേത്രനിര്‍മ്മാണകലകളുടെ പ്രസക്തി. മലപ്പുറം ജില്ലയില്‍ ഇതുപോലെ ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. എല്ലാം ടിപ്പുവിന്റെ പടയോട്ടത്തിനും മലബാര്‍ ലഹളയ്ക്കും മുമ്പുള്ള പ്രതാപകാലത്തെ സ്മരണകളായി അവശേഷിപ്പുകളായി നിലകൊള്ളുന്നു.

മലപ്പുറം-പാലക്കാട് ഹൈവെയില്‍ കരിങ്കല്ലത്താണിയില്‍നിന്ന് വെട്ടത്തൂരിലേക്കുള്ള റോഡിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. വാഹനം നിറുത്തിയശേഷം 150 മീറ്ററോളം താഴേക്ക് പടികളുണ്ട്. ഇതുചെന്നെത്തുന്നത് ഒരു കവുങ്ങിന്‍തോപ്പിലാണ്. ഇതിന്റെ ഒരു ഓരത്തുകൂടി നടന്നാല്‍ ക്ഷേത്രത്തിലെത്താം. മിഥുനമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. ഭക്തജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന ആയിരത്തി എട്ട് കുടങ്ങളില്‍ നിന്ന് ശ്രീകോവിലിനു മുകളില്‍നിന്ന് വിഗ്രഹത്തിലേക്ക് ജലാഭിഷേകം നടത്തുന്ന ചടങ്ങാണിത്. മലബാര്‍ കലാപത്തിനും ടിപ്പുവിന്റെ പടയോട്ടത്തിനും ശേഷം ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന അമ്പലം ഈ അടുത്തകാലത്താണ് ഭക്തജനങ്ങള്‍ സംഘടിച്ച് കമ്മിറ്റിയുണ്ടാക്കി പുനരുദ്ധാരണം നടത്തി ഇന്നുകാണുന്ന നിലയിലെത്തിച്ചത്.
ജലത്താല്‍ ചുറ്റപ്പെട്ട പ്രത്യേകതയ്ക്കും പുറമെ മറ്റൊരു കൗതുകവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ആന്ധ്രയില്‍നിന്ന് പണികഴിപ്പിച്ച് കൊണ്ടുവന്ന് സ്ഥാപിച്ച കരിങ്കല്‍ കൊടിമരമാണത്. ഒറ്റക്കല്ലിലാണ് ഈ കൊടിമരം രൂപപ്പെടുത്തിയിട്ടുള്ളത്. ആന്ധ്രയില്‍നിന്ന് പതിനെട്ടുചക്രങ്ങളുള്ള വലിയ ടെയ്‌ലര്‍ ലോറിയില്‍ ഒരു മാസത്തോളം സമയമെടുത്താണ് ഇവിടെ കൊടിമരം എത്തിച്ചതെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. പെരിന്തല്‍മണ്ണയ്ക്കു സമീപമുള്ള കൊടികുത്തിമലയാണ് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം. ഇവിടേക്ക് വണ്‍ഡേ ട്രിപ് ആലോചിക്കുന്നവര്‍ക്ക് യാത്രയില്‍ ഈ ക്ഷേത്രവും ഉള്‍പെടുത്താവുന്നതാണ്.