ഇന്നലെ രാത്രി തിരുവനന്തപുരം നഗരത്തില്‍ അതിശക്തമായ മഴ പെയ്തു. ഇന്നത്തെ ആറ്റുകാല്‍ പൊങ്കാലക്കുള്ള ചൂട് കുറയ്ക്കാന്‍ ആവണം. അതൊന്നും മതിയായിരുന്നില്ല നഗരത്തിലെ ചൂട് കുറയ്ക്കാന്‍. ഉച്ചയ്ക്ക് ഒന്ന് ഇറങ്ങി നടന്നു നോക്കണം. രാവിലത്തെ കുളി കൂടാതെ വിയര്‍പ്പുകൊണ്ട് ഒരു കുളി വേറെ ആകാം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടായിരിക്കാം. നഗ്‌ന ഹൃദയനായി നഗരമധ്യത്തില്‍ എത്തിയിട്ട് ഇന്നേക്ക് മൂന്നു ദിവസം ആകുന്നു. മുറിഞ്ഞപാലം മെഡിക്കല്‍കോളജ് റോഡിലെ ആഡംസ് ഇന്‍ ലോഡ്ജിലാണ് താമസിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു എത്തിയതാണ്. പേരിന് മാത്രം ഒരു ഇന്റര്‍വ്യൂ. യാത്രതന്നെ ഉദ്ദേശം.

നരകയറിയ മുടിയുമായി തൃശ്ശൂരില്‍ നിന്ന് ഒരു തടിയന്‍ ഇതാ തിരുവനന്തപുരത്ത് വണ്ടി ഇറങ്ങിയിരിക്കുന്നു. തികച്ചും അപരിചിതമാണ് തലസ്ഥാന നഗരം. ഇവിടെ എനിക്ക് അന്വേഷിക്കാന്‍ ഉള്ളതും കണ്ടെത്താനുള്ളതും എന്നെ തന്നെയാണ്. അധികം താമസിയാതെ അത് സംഭവിക്കട്ടെ.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിന് ഇന്ന് അവധിയാണ്. വാഹനങ്ങള്‍ അധികവും നിരത്തില്‍ ഇല്ല. ഒറ്റയ്ക്ക് നഗരത്തില്‍ വന്നതല്ലേ ആരുടെയും വിലക്കുകളോ ചങ്ങലകളോ ഇല്ലാതെ സ്വതന്ത്രമായി നഗരത്തില്‍ നടക്കാം. അപ്പോഴാണ് ഇന്ന് ആറ്റുകാല്‍ പൊങ്കാല ഉള്ള ദിവസം കൂടി ആയത്. സാധാരണ ക്ഷേത്ര പരിസരത്തേക്ക് അടുക്കാന് കഴിയില്ല എന്ന് അവിടേക്ക് എന്നെയും കൊണ്ട് യാത്രതിരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആദ്യമായി എത്തിയ എനിക്ക് വഴിയിലെ കാഴ്ചകള്‍ ഒരു ഗൈഡിനെപോലെയാണ് അയാള്‍ വിവരിച്ചുതന്നത്.

നഗര വഴികള്‍ പരിചിതമല്ലാത്തതുകൊണ്ടാണ് യാത്രയ്ക്ക് ഓട്ടോ തിരഞ്ഞെടുത്തത്. ഡ്രൈവര്‍ ആണെങ്കില്‍ ഭയങ്കര ഈശ്വര വിശ്വാസി. പൊങ്കാല ആയിട്ട് ആറ്റുകാല്‍ അമ്മയെ കാണാതെ പോകയോ? അമ്മയെ തൊഴാന്‍ കിട്ടിയ അവസരമാണ്. അങ്ങനെ എന്തായാലും അത് സാധിച്ചു. അമ്പലം ദൂരേനിന്ന് കണ്ടാല്‍മതി എന്ന എന്റെ അഭിപ്രായമൊന്നും ആ ഭക്തന്‍ കേട്ടില്ല. ഒരുവശത്ത് പൊങ്കാല നടക്കുന്നു. മറ്റൊരുവശത്ത് അത് പകര്‍ത്താനുള്ള മാധ്യമപ്പടയുടെ അഭ്യാസങ്ങള്‍. ഇതൊക്കെ തൃശ്ശൂര്‍പൂരത്തിന് കുറേ കണ്ടതാണ്.

ക്ഷേത്രത്തിനുള്ളിലേക്ക് ആറ്റുകാലമ്മയെ ദര്‍ശിക്കാനായി ക്യവൂവുണ്ട്. ആളുകള്‍ തീരെ കുറവ്. അതുകണ്ടപ്പോള്‍ ഓട്ടോഡ്രൈവര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. കൊറോണക്കാലം ആയതുകൊണ്ടാണത്രെ, അല്ലെങ്കില്‍ ക്ഷേത്രപരിസരത്തേക്ക് അടുക്കാന്‍തന്നെ പ്രയാസമാണെന്ന് ആ അനുഭവസ്ഥന്‍. ഒരു ഏഴുപതിനോടടുത്ത പ്രായമുണ്ട് ഏതായാലും കക്ഷിക്ക്. പേര് കേട്ടാല്‍ ഞെട്ടും. സുകേഷ്. മറിമായം സീരിയലിലെ സുമേഷ് എന്ന കഥാപാത്രമാണ് പെട്ടെന്ന് ഓര്‍മ്മവന്നത്. തൃശ്ശൂരിലേക്കുള്ള ട്രെയിന്‍കയറാന്‍ തമ്പാനൂരിലേക്ക് കൊണ്ടുവിട്ടപ്പോള്‍ ഓട്ടോകൂലിക്കൊപ്പം ഒരു നൂറുരൂപ കൂടി എക്‌സ്ട്രാ ഞാന്‍ കൊടുത്തു. ഏതായാലും ആറ്റുകാലില്‍ പോകാന്‍ കഴിയുമെന്നോ പൊങ്കാല ദിവസം തന്നെ അത് സാധിക്കുമെന്നോ കരുതിയായിരുന്നില്ല ഞാന്‍ തൃശ്ശൂരില്‍ നിന്ന് വണ്ടി കയറിയത്.
All Comments
Kidilan writing