നെയ്യാര്‍ ഡാം റിസര്‍വോയറിനു സമീപമാണ് പ്രസിദ്ധമായ കാപ്പുകാട് ആന പരിപാലന കേന്ദ്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ വളര്‍ന്നുവരുന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്. ആനകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പരിപാലിക്കുന്നതിനും മികച്ച ചികിത്സ അവയ്ക്ക് ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യര്‍ക്ക് കാടിന്റെ പശ്ചാത്തലത്തില്‍ ഇവയെ കാണുന്നതിനുമുള്ള സൗകര്യവും ഇവിടെയുണ്ട്. ആനക്കൊട്ടിലിലെ പ്രധാന ആകര്‍ഷണം കുട്ടിയാനകളാണ്.
മാസങ്ങള്‍ മാത്രം പ്രായമുള്ള ഇവരെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാടു പോലെ കെട്ടി പാര്‍പ്പിച്ചിരിക്കുകയാണ്. രാവിലത്തെ നടത്തത്തോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം അവയെ നെയ്യാറില്‍ കുളിപ്പിക്കുന്നു. കുളികഴിഞ്ഞ് വരുന്ന ആനകള്‍ക്ക് ശര്‍ക്കരയും ചോറും മറ്റു ധാന്യങ്ങളും ചേര്‍ത്തുള്ള ആനച്ചോര്‍ നല്‍കുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണ ചാര്‍ട്ടുണ്ട്. ഓരോ ദിവസം ഓരോ ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവ ചേര്‍ത്താണ് ഭക്ഷണമൊരുക്കുന്നത്. ഇടനേരങ്ങളില്‍ റാഗി കുറുക്കും നല്‍കും. സന്ദര്‍ശകര്‍ നല്‍കുന്ന വാഴക്കുല പരിശോധിച്ച ശേഷം മാത്രമേ നല്‍കൂ.

വൈകിട്ടും നെയ്യാറിലെ വിശാലമായ വെള്ളത്തില്‍ കുളിപ്പിക്കാറുണ്ട്. വേനല്‍ക്കാലത്തും വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്. കൂട്ടിലിട്ടിരിക്കുന്ന ആനകളെ കാണുന്നത് കൂടാതെ വൈകിട്ട് മൂന്നരയ്ക്ക് ആനകളെ ഊട്ടുന്നത് കാണാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. കുട്ടിയാനകളുടെ തലകുലുക്കിയുള്ള ആട്ടവും കുലുങ്ങിയുള്ള നടത്തവും ആരേയും ആകര്‍ഷിക്കും. കാടിന്റെ മക്കള്‍ക്കായി ഒരു പുനരധിവാസകേന്ദ്രം എന്നതിലുപരി ഇത് കാട്ടിലെ ആനകളുടെ മറ്റൊരു ആവാസവ്യവസ്ഥ കൂടിയാകുകയാണ്. കുറുമ്പന്‍മാരും ദേഷ്യക്കാരും സൗമ്യമനസ്‌കരും വൃത്തിയില്‍ നടക്കുന്നവരുമൊക്കെ ഇവര്‍ക്കിടയിലുണ്ട്. സമയമനുസരിച്ചുള്ള ഭക്ഷണവും ഊഴമനുസരിച്ച് അവ അകത്താക്കുന്നതും മനോഹരമായ കാഴ്ചയാണ്. ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയ്ക്ക് സമീപം ഓരോരുത്തരായി എത്തുന്നതും വേറിട്ട കാഴ്ചയാണ്. സഞ്ചാരികള്‍ക്ക് ഫോട്ടോയെടുക്കാനും ചിലര്‍ നിന്നുകൊടുക്കാറുണ്ട്.

കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് ആന പരിപാലന കേന്ദ്രം സ്ഥിതിചെയ്യുന്നത്. അഗസ്ത്യ വനം, നെയ്യാര്‍, പേപ്പാറ വൈല്‍ഡ് ലൈഫ് ഏരിയകളാല്‍ ചുറ്റപ്പെട്ടാണിത്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പു വരുത്തുക, ആനയുമായി ബന്ധപ്പെട്ട പരിശീലന-ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിനുള്ളത്. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കുന്നതിനുള്ള വിസ്തൃതമായ വാസസ്ഥലങ്ങള്‍, ജലാശയങ്ങള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണസൗകര്യം, ആന മ്യൂസിയം തുടങ്ങിയവ ഉണ്ടാകും. സ്‌നേക്ക് പാര്‍ക്കും, പക്ഷി പാര്‍ക്കും തുടങ്ങുവാനും ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല കാട്ടനകള്‍ക്കും നാട്ടാനകള്‍ക്കും വയോജന സംരക്ഷണം ഒരുക്കാനും പദ്ധതിയുണ്ട്. നാട്ടാനകളെ ഇവിടെ എത്തിച്ചാല്‍ അതിനു വനം വകുപ്പ് തന്നെ പരിചരണം നല്‍കും. മാത്രമല്ല വനമേഖലയായ കോട്ടൂരില്‍ ടൗണ്‍ഷിപ്പിനായുള്ള നീക്കവും വനം വകുപ്പ് നടത്തുന്നുണ്ട്.

ശ്രീലങ്കന്‍ മാതൃകയില്‍ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടില്‍ ‘കേരളത്തിലെ ഏക ആനസംരക്ഷണ പാര്‍ക്ക്’ എന്ന ബഹുമതിയോടെ ഈ സങ്കേതം ഒരുക്കുന്നത്. ഇതൊരു പാര്‍ക്കായി വിഭാവനം ചെയ്തായിരുന്നു വനംവകുപ്പിന്റെ പ്രൊജക്ട്. നെയ്യറിലെ വെള്ളം കയറി കിടക്കുന്ന ഭാഗത്ത് ആനകളുടെ പുനരധിവാസ കേന്ദ്രമായി ഇതിനെ 2007ലാണ് മാറ്റിയെടുത്തത്. ആനകളുടെ കുളിയും കുളിപ്പിക്കലും എല്ലാം നെയ്യാര്‍ഡാം ജലാശയത്തിലാണ്. ഇവിടെ സഞ്ചാരികള്‍ക്ക് ബോട്ടിംഗും കാഴ്ചകള്‍ വിവരിക്കുന്ന ഗൈഡിനെയും ലഭിക്കും.


വട്ടക്കൊട്ടവഞ്ചിസവാരിയാണ് ഇതില്‍ ഏറെ ആസ്വാദ്യകരമായത്. നെയ്യാര്‍ ഡാം ജലാശയത്തിലൂടെ കാടിന്റെ അഴക് ആസ്വദിച്ചാണ് സവാരി. കാടും സാഹസികതയും താത്പ്പര്യമുള്ളവര്‍ക്ക് ട്രക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാപ്പുകാടിന് സമീപത്താണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഏത് കൊടിയ വേനലിനും വെള്ളം വറ്റാത്തയിടമാണിത്. കുന്നും വളവുമെല്ലാം തിരിഞ്ഞ് അവിടേക്ക് പോകാനുള്ള സൗകര്യം സാഹസികരായ സഞ്ചാരികള്‍ക്ക് ലഭിക്കും. അതിനായി വനംവകുപ്പ് തന്നെ പ്രത്യേകം വാഹനം ഒരുക്കിത്തരും. ഈ വഴിയില്‍ കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ മൃഗങ്ങളെയും കാണാനാകും.