മരുഭൂമിയിലെ വെടിച്ചില്ലന്‍ റോഡുകളിലൂടെ കണ്‍മുമ്പില്‍ വിസ്മയം സമ്മാനിച്ച് ഓടുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകളായിരുന്നു ദുബൈയില്‍ ഇന്റീരിയര്‍ വര്‍ക്ക് ജോലിക്കാരനായിരുന്ന തൃശ്ശൂര്‍ തലക്കോട്ടുകര സ്വദേശി അനൂപ് ടി.അശോകിന്റെ ഉള്ളില്‍ ഒരു കലാകാരന്റെ വിത്തുപാകിയത്. ചെറുപ്പം മുതലെ വാഹനങ്ങളെ നെഞ്ചേറ്റിയ ആ യുവാവിന് എങ്ങനെയെങ്കിലും അതിന്റെ ചെറുമാതൃക ഉണ്ടാക്കി കയ്യില്‍ സൂക്ഷിക്കണം എന്ന ആഗ്രഹമുണ്ടായി. വിദേശത്തുനിന്ന് തിരിച്ചെത്തി അതേ ജോലി നാട്ടില്‍ തുടരുന്നതിനിടയില്‍ കിട്ടുന്ന ഒഴിവുവേളകള്‍ മരം കൊണ്ട് ട്രക്കുകള്‍ നിര്‍മ്മിച്ചായിരുന്നു തുടക്കം. മരംകൊണ്ട് നിര്‍മ്മിക്കുന്നതിന്റെ പരിമിതികള്‍ ആ കലാകാരനെ തെല്ലും തളര്‍ത്തിയില്ല.





എന്നാല്‍ മരത്തിനു പകരം മള്‍ട്ടിവുഡും ഫോറക്‌സ് ഷീറ്റും ഉപയോഗിച്ച് കുറച്ചുകൂടി എളുപ്പത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയതോടെ തന്റെ മനസ്സിലെ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ അനൂപ് പ്രയത്‌നിച്ചതിന്റെ ഫലമാണ് ഈ ചിത്രങ്ങള്‍. മാറ്റഡോര്‍ ടെംപൊ, മഹീന്ദ്ര ടെംപൊ, ആപേ പാസഞ്ചര്‍ ഓട്ടോ, ഗുഡ്‌സ് ഓട്ടോറിക്ഷ, ട്രാവലര്‍, പഴയകാല ഓട്ടോറിക്ഷ, തടി ലോറി തുടങ്ങിയ വാഹനരൂപങ്ങളുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഒറിജിനലാണോ മിനിയേച്ചറാണോ എന്ന് കണ്‍ഫ്യൂഷനുണ്ടാകും. മുന്‍പും പല കലാകാരന്‍മാരും ഉണ്ടാക്കാന്‍ മിനക്കെടാത്ത വാഹനങ്ങളാണിവയില്‍ കൂടുതലും. നിരത്തില്‍നിന്ന് അപ്രത്യക്ഷമായ മോഡലുകളുമുണ്ട്.



മിനിയേച്ചറുകളില്‍ ഒറിജിനാലിറ്റി കൊണ്ടുവരുന്നതിലുള്ള അനൂപിന്റെ പാടവം പ്രത്യേകം എടുത്തുപറയേണ്ടിവരും. വാഹനങ്ങളോടുള്ള കമ്പം കൊണ്ട് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റുമാര്‍ ജന്മമെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. സ്‌കോപ്പുള്ള തൊഴില്‍ നേടാന്‍ രക്ഷിതാക്കളും അധ്യാപകരും സമ്മര്‍ദ്ദം ചെലുത്തിയാണ് പല കലാകാരന്‍മാരും മുളയിലെ നുള്ളപ്പെടുന്നത്. വലിയ നിലയിലെത്തിയവരും വീണുകിട്ടുന്ന നിമിഷങ്ങളില്‍ കലാമേഖലയില്‍ കൈവയ്ക്കുന്നുണ്ട്. എന്തൊക്കെ ആയാലും ചുറ്റുപാടുകളുടെ പ്രോത്സാഹനമില്ലാതെ ഒരു കലാകാരനും വളര്‍ന്നുവരാന്‍ കഴിയില്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൊണ്ടും കൂടിയാണ് അനൂപ് ടി.അശോക് എന്ന യുവാവ് ഒരു മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയി മാറിയിരിക്കുന്നത്. ഇഷ്ട വാഹനമായ ട്രക്കുകളുടെ വര്‍ക്കുകളും ഓര്‍ഡര്‍ വര്‍ക്കുകളും ഒക്കെയായി ഈ മേഖലയില്‍ കാലുറപ്പിക്കാന്‍ തന്നെയാണ് അനൂപിന്റെ തീരുമാനം.