PALAKKAD | കരിമ്പന നാടിന്റെ ചരിത്രമണ്ണിലൂടെ | Unni C Mannarmala

July 6, 2022
136
Views

മിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ ടിപ്പുവിന്റെ കോട്ടയും കല്‍പാത്തി പൈതൃക ഗ്രാമവും കാണുകയെന്നത് കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കാടിന്റെ രണ്ട് ചരിത്രശേഷിപ്പുകള്‍ തേടിപ്പോകുകയാണ്. വഴിമധ്യേ മഴ ചാറ്റലായി പെയ്തുതുടങ്ങി. നനുത്ത് ചാറുന്ന മഴ യാത്രക്ക് കൂടുതല്‍ ഉന്മേഷം നല്‍കി. രഥോത്സവത്തിന് ലോകപ്രസിദ്ധിയാര്‍ജിച്ച, തമിഴ് ബ്രാഹ്‌മണര്‍ കുടിയേറി പാര്‍ത്ത അഗ്രഹാരവീഥികളും ടിപ്പുവിന്റെ കോട്ടയും കാണാന്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അവസരം ഒത്തുവന്നത്. കാണാന്‍ പോകുന്ന ചരിത്രങ്ങളെ മനസ്സില്‍ സങ്കല്‍പിച്ച് യാത്ര തുടര്‍ന്നു. മണ്ണാര്‍ക്കാട് ടൗണിന് തൊട്ടുമുമ്പായി, പാലത്തിനടിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയെന്ന സൗന്ദര്യറാണിയെയും കണ്ട് വാഹനത്തിരക്കിലൂടെ കാര്‍ പതിയെ നീങ്ങിക്കൊണ്ടിരുന്നു. സൈലന്റ് വാലി മലനിരകളില്‍നിന്ന് ഉല്‍ഭവിക്കുന്ന കുന്തിപ്പുഴയിലെ വെള്ളത്തിന് ഐസിന്റെ തണുപ്പാണെന്ന് മുമ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ദൂരെ വടക്കുകിഴക്ക് ഭാഗത്ത് ആകാശനീലിമക്ക് താഴെ സൈലന്റ് വാലി മലനിരകള്‍ ഉയര്‍ന്നുനില്‍ക്കുന്നു.
മണ്ണാര്‍ക്കാട് കഴിഞ്ഞ് അല്‍പദൂരം കൂടി സഞ്ചരിച്ചപ്പോള്‍ കല്ലടിക്കോടന്‍ മലനിരകള്‍ റോഡോരത്ത് കാഴ്ചയൊരുക്കി കാത്തിരിക്കുന്നു. 65 കിലോമീറ്റര്‍ സഞ്ചരിച്ച് ചരിത്രങ്ങള്‍ പടപ്പാട്ട് പാടുന്ന പാലക്കാട് ടൗണിലെത്തി. വഴിയിലെവിടെയോ വെച്ച് മഴ വിട പറഞ്ഞത് അറിഞ്ഞില്ല. വെയിലിന്റെ കാഠിന്യത്തില്‍ ചുട്ടുപൊള്ളുകയാണ് പാലക്കാട് നഗരം. അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമത്തിലേക്കാണ് ആദ്യം പോകാന്‍ തീരുമാനിച്ചത്.

കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നാണിത്. ടൗണില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ കല്‍പാത്തിയിലേക്കെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍ വഴി ചൂണ്ടിത്തന്നു. ഓട്ടോ പാര്‍ക്കിന് സമീപത്തെ ചെറിയൊരു പെട്ടിക്കടയില്‍നിന്ന് കുടിച്ച സംഭാരം ചൂടില്‍ വേവുന്ന ശരീരത്തിന് അല്‍പം ആശ്വാസം നല്‍കി. ഇവിടെ നിന്ന് കുറച്ചുകൂടി സഞ്ചരിച്ചാല്‍ കല്‍പാത്തി പൈതൃകഗ്രാമമാണ്. മെയിന്‍ റോഡില്‍നിന്ന് പോക്കറ്റ്‌റോഡിലൂടെ സഞ്ചരിച്ച് അഗ്രഹാര മണ്ണിലൂടെ കാര്‍ നീങ്ങിക്കൊണ്ടിരുന്നു. കേട്ടറിഞ്ഞതിനെക്കാള്‍ വലിയ അദ്ഭുതത്തോടെയാണ് അഗ്രഹാരങ്ങള്‍ നോക്കിനിന്നത്.
അയല്‍ക്കാരന്റെ മുഖം കാണാനാകാത്ത വിധം വീടിന് ചുറ്റും വലിയ മതിലുകള്‍ കെട്ടിപ്പൊക്കുന്നവര്‍ ഇവിടം സന്ദര്‍ശിക്കണം. റോഡുകള്‍ക്ക് ഇരുവശത്തുമായി വീടുകള്‍ ഒരേ നിരയിലും വലിപ്പത്തിലും നില്‍ക്കുന്നു. വീടുകളുടെ പൂമാല എന്നാണ് അഗ്രഹാരം എന്ന പദത്തിന്റെ അര്‍ഥം. ഒരു ചുമരാണ് വീടുകളുടെ അതിര്‍ത്തി. ഓട് മേഞ്ഞ അഗ്രഹാര വീടുകളുടെ മുന്‍വശങ്ങളില്‍ ചെറിയ ഇരിപ്പിടങ്ങളുണ്ട്. വരിയായി നില്‍ക്കുന്ന തെരുവുവിളക്കുകള്‍ക്ക് നടുവിലൂടെ നീണ്ടുകിടക്കുന്ന റോഡ് ഉച്ചചൂടില്‍ പൊള്ളുന്നു. കാര്‍ റോഡരികില്‍ ചേര്‍ത്തുനിര്‍ത്തിയാല്‍ അത് ഏതെങ്കിലുമൊരു വീടിന്റെ വാതിലിന് മുന്നിലായിരിക്കും. വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്നത് റോഡിലേക്കായിരിക്കും. കാര്‍ നിര്‍ത്തിയ വീടിന് മുന്നിലെ വാതില്‍ തുറന്ന് ഒരു അമ്മൂമ്മ പുറത്തേക്ക് തല നീട്ടി പുഞ്ചിരിച്ചു. വണ്ടിനിര്‍ത്തി കല്‍പാത്തിയുടെ വഴികളിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി. വീടുകള്‍ക്ക് മുന്നില്‍ പലവിധത്തിലായി കോലം വരച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തിലൂടെ കടന്നുപോകുന്ന അനുഭവം.

രഥചക്രങ്ങളുരുളുന്ന വഴികള്‍ക്കിരുവശവുമുള്ള കൊച്ചുവീടുകളുടെ നിര അവസാനിക്കാത്തതു പോലെ തോന്നി. കുറച്ച് ദൂരം കൂടി സഞ്ചരിച്ചപ്പോള്‍ റോഡിന് അഭിമുഖമായി ഒരു വലിയ ക്ഷേത്രം കാഴ്ചയിലേക്ക് കയറി വന്നു. ക്ഷേത്രത്തിന് ചുറ്റും പൂമാല പോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നതുകൊണ്ടാണത്രെ അഗ്രഹാരം എന്ന പേരുവന്നത്.
പുരാതന ഗൃഹങ്ങളില്‍ പലതും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വഴിമാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ദക്ഷിണ കാശി (തെക്കിന്റെ വാരണാസി) എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് കല്‍പാത്തി രഥോത്സവം നടക്കുന്നത്. കേരളത്തിലെ ആകര്‍ഷക ഉത്സവങ്ങളിലൊന്നായ രഥോത്സവം തുലാം മാസത്തിലെ അവസാന ദിനങ്ങളിലാണ് കൊണ്ടാടുക. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തില്‍ പങ്കുചേരാന്‍ കല്‍പാത്തിയില്‍ എത്തുന്നത്. കല്‍പാത്തിനാടിന്റെ ദേശീയോത്സവമാണ് രഥോത്സവം. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായി സാമ്യമുള്ളതിനാല്‍ കാശിയില്‍ പാതി കല്‍പ്പാത്തി എന്ന് പഴഞ്ചൊല്ല് തന്നെയുണ്ട്.

തെക്കേ ഇന്ത്യയിലെ തഞ്ചാവൂര്‍, പാലക്കാട്, കര്‍ണാടകയിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് അഗ്രഹാരങ്ങളുള്ളത്. പൈതൃകഗ്രാമത്തിനോട് ചേര്‍ന്നാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കല്‍പാത്തിപുഴ. നടന്നുതളര്‍ന്ന് വീണ്ടും വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു.
തമിഴ്ബ്രാഹ്‌മണരുടെ കുടിയേറ്റ കഥ പറയുന്ന കല്‍പാത്തിയില്‍നിന്ന് ഉച്ചവെയില്‍ ചാഞ്ഞുതുടങ്ങുന്നതിന് മുമ്പ് മടങ്ങി. വിശപ്പിന്റെ കാഠിന്യം ശരീരത്തെ ബാധിച്ചു തുടങ്ങിയത് വൈകീട്ട് മൂന്നരക്കാണ്. ടിപ്പുവിന്റെ കോട്ട കൂടി സന്ദര്‍ശന ലിസ്റ്റിലുണ്ട്. ഭക്ഷണം കഴിച്ച് കോട്ട ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.


കോട്ടയുടെ ചുറ്റുഭാഗവും പാലക്കാടിന്റെ പ്രധാന റോഡുകളാണ്. കരിങ്കല്ലില്‍ പണികഴിപ്പിച്ച കവാടവും കടന്ന് കോട്ടയുടെ അകത്തേക്ക് പ്രവേശിച്ചു.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ് ടിപ്പു സുല്‍ത്താന്റെ കോട്ട നിലനില്‍ക്കുന്നത്. ഈ ചരിത്രസ്മാരകം നല്ല രീതിയില്‍ സംരക്ഷിച്ചു പോരുന്നുണ്ടെന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ബോധ്യമാകും. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത്. പാലക്കാട് സ്‌പെഷ്യല്‍ സബ്ജയില്‍ കോട്ടയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ കോട്ടയിലേക്കുള്ള വഴികള്‍ ഇന്റര്‍ലോക് പതിച്ച് സംരക്ഷിക്കുന്നതിന്റെ പ്രവൃത്തികള്‍ നടക്കുകയായിരുന്നു. പച്ചപ്പുല്ല് വെച്ചുപിടിപ്പിച്ച്, പൂന്തോട്ടങ്ങളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് കരിമ്പന നാടിന്റെ ചരിത്രസ്മാരകം. കോട്ടയുടെ പുറത്തുള്ള ജലാശയങ്ങളില്‍ വലുതും ചെറുതുമായ മീനുകള്‍ നീന്തിത്തുടിക്കുന്നു. നാലാള്‍ പൊക്കമുള്ള വാതില്‍ കടന്നാല്‍ ആദ്യം കാണുക ഹനുമാന്‍ സ്വാമി ക്ഷേത്രമാണ്. ഇവിടം പിന്നിട്ട് പല ഭാഗങ്ങളിലായുള്ള നിരീക്ഷണ ഗോപുരങ്ങളുടെ മുകളില്‍ കയറി. ശത്രുക്കളുടെ ആക്രമണം മുന്‍കൂട്ടി നിരീക്ഷിക്കാന്‍ നിര്‍മിച്ചതാണത്രെ ഇത്. പീരങ്കികള്‍ ഉപയോഗിച്ച് പടയാളികള്‍ ശത്രുക്കളെ നേരിട്ടിരുന്നത് ഇതിന് മുകളില്‍നിന്നായിരുന്നു. അല്‍പ സമയം കൂടി അവിടെ ചെലവഴിച്ച് പുറത്തിറങ്ങി. കോട്ടയുടെ കോമ്പൗണ്ടില്‍ ഒരുക്കിയ പാര്‍ക്കില്‍ കുട്ടികള്‍ കളിക്കുന്നതിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു. കോട്ടക്കും പാലക്കാട് ടൗണ്‍ഹാളിനും ഇടക്കായി സ്ഥിതി ചെയ്യുന്ന പാലക്കാട് കോട്ടമൈതാനവും സന്ദര്‍ശിച്ചു. പണ്ടുകാലത്ത് ടിപ്പുസുല്‍ത്താന്റെ ആനകളുടെയും കുതിരകളുടെയും ലായം ആയിരുന്നു ഈ മൈതാനം. കോട്ടയും പരിസരവും നടന്നു കണ്ട് സമയം പോയതറിഞ്ഞില്ല. ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു. ചൂട് അല്‍പം കുറഞ്ഞിട്ടുണ്ട്. നഗരത്തിന്റെ രാത്രിവെളിച്ചങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ മടങ്ങി. മണ്ണാര്‍ക്കാടെത്തുന്നതിന് മുമ്പ് വീണ്ടും മഴ അകമ്പടിയെത്തി.

Article Categories:
Travel

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here