ഇടുക്കി ജില്ലയിലെ തോപ്രാംകുടി സ്വദേശി ആല്‍ബിന്‍ ജോണി മിനിയേച്ചര്‍ കലാലോകത്ത് തിളങ്ങുന്ന പ്രതിഭയാണ്. ആല്‍ബിന്റെ കൈവിരലുകളില്‍ പിറവിയെടുക്കുന്ന കോണ്ടോഡി ബോഡി ബസ്സുകളെ തെല്ലൊരു അതിശയത്തോടെയാണ് വാഹനപ്രേമികള്‍ നോക്കിക്കാണുന്നത്. മലകളും കുന്നുകളും നിറഞ്ഞ ഇടുക്കി ജില്ലയുടെ വിരിമാറിലൂടെ നാഡീഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന റോഡുകളിലെ പതിവ് കാഴ്ചയാണ് കൊണ്ടോഡി ഓട്ടോക്രാഫ്റ്റില്‍ ജന്മമെടുത്ത ബസ്സുകള്‍. അതുകൊണ്ടുതന്നെ, ഇടുക്കി ജില്ലയിലെ വാഹനപ്രേമികള്‍ക്ക് ബസ്സുകളോട് ഒരു പ്രത്യേക താല്പര്യമാണ്.




കൊണ്ടോഡി ബസ്സുകളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ ധാരാളം കലാകാരന്‍മാര്‍ നിര്‍മ്മിക്കാറുണ്ടെങ്കിലും ഇന്റീരിയര്‍ കൂടി മനോഹരമാക്കുന്ന കലാകാരന്‍മാര്‍ ആല്‍ബിനെ പോലെ അപൂര്‍വ്വമെയുള്ളൂ. ചിത്രങ്ങള്‍ കണ്ടാല്‍ ഒറിജിനല്‍ ബസ്സുമായി വലിയ വ്യത്യാസം ഒന്നും പറയാനാവുന്നില്ല. മിനിയേച്ചര്‍ കലാകാരന്‍മാരുടെ മാറ്റ് അളക്കപ്പെടുന്നത് തങ്ങളുടെ സൃഷ്ടിക്ക് ഈ ഒറിജിനാലിറ്റി കൊണ്ടുവരുന്നതിലൂടെയാണ്. ബസ്സിന്റെ പുറം മോടിക്ക് മാത്രമാണ് പൊതുവെ കലാകാരന്‍മാര്‍ പൂര്‍ണ്ണത വരുത്താറുള്ളത്. എന്നാല്‍ അക്കാര്യത്തില്‍ ആല്‍ബിന്‍ വ്യത്യസ്തനാകുന്നു. ബസ്സുകളുടെ ഇന്റീരിയര്‍ അതേപടി പകര്‍ത്തുന്നതിലാണ് ആല്‍ബിന്റെ മികവ് അടയാളപ്പെടുത്തുന്നത്.






എറണാകുളത്തുനിന്ന് തോപ്രാംകുടിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളും ആല്‍ബിന്‍ജോണി തന്റെ സൃഷ്ടികളിലൂടെ കലാലോകത്തിന് പരിചയപ്പെടുത്തുന്നു. ബസ്സിനുള്ളിലെ ഫോട്ടോകളും ക്ലോക്കും ചെടിച്ചട്ടിയും ബെല്ലും എന്തിന് സീറ്റു കവറുകളില്‍ വരെ ഈ അതുല്യ കലാ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. ഫോറെക്‌സ് ഷീറ്റാണ് ബോഡി നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഉപയോഗശൂന്യമായ ഹെഡ്‌ഫോണ്‍ കൊണ്ട് ചെടി ചട്ടിയും ഗുളിക കവര്‍ കൊണ്ട് ഹെഡ്‌ലൈറ്റും ഐസ്‌ക്രീം ബോള്‍ കൊണ്ട് വീല്‍ഡ്രമ്മും നിര്‍മ്മിക്കുന്നു.







ഓഫീസ് ഫയല്‍ ഉപയോഗിച്ചാണ് ബസ്സിന്റെ ചില്ലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിന്‍ഡോ ഗാര്‍ഡ് ആയുള്ള കമ്പികള്‍ക്ക് കുടക്കമ്പി ഉപയോഗിക്കുന്നു. തുണിക്കൊപ്പം കിട്ടുന്ന സ്‌പോഞ്ച് ആണ് സീറ്റുകള്‍. ഉപയോഗശൂന്യമായ വസ്തുക്കളും നിര്‍മ്മാണത്തെ ഏറെ സഹായിച്ചു എന്നു പറയുമ്പോള്‍ ആല്‍ബിന്റെ കലയോടുള്ള അര്‍പ്പണമനോഭാവം തെളിമയോടെ വ്യക്തമാകും. കലാഭവന്‍മണിയുടെ ഓട്ടോറിക്ഷയും കരുത്തിന്റെ പര്യായമായ ടാറ്റാ എസ് ഇ തടിലോറിയും മിനിയേച്ചറുകളായി ആല്‍ബിന്റെ കരവിരുതില്‍ ജന്മമെടുത്തിട്ടുണ്ട്. പ്രോത്സാഹനമല്ല, അഭിനന്ദനമാണ് ഇത്തരം കലാകാരന്‍മാര്‍ ആഗ്രഹിക്കുന്നത്.



