കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലും കര്‍ണ്ണാടകയില്‍ ഗുണ്ടല്‍പേട്ട ഭാഗങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്ന വിളയാണ് പുകയില. ദഹനക്കുറവ്, വയറ് പെരുക്കം, അരുചി, എന്നിവ ശമിപ്പിക്കാന്‍ ഇത് മറ്റ് ഔഷധ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുപയോഗിക്കാറുണ്ട്. വാതവേദന,നീര് എന്നിവയ്ക്ക് ഇതിന്റെ കഷായം ധാര കോരുന്ന ഫലം ചെയ്യും. ചില വിഷപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ ഛര്‍ദ്ദിച്ച് പുറന്തള്ളാന്‍ പുകയില നീരുപയോഗിക്കുന്നു. കൂടാതെ ജൈവ കീടനാശിനിയായും പുകയിലക്കഷായം ഉപയോഗിക്കാറുണ്ട്. അമേരിക്കയിലും ചൈനയിലുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്നത്.

കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന ഏക ജില്ലയാണ് കാസര്‍കോഡ്. പള്ളിക്കര, കുനിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ചപ്പ് എന്ന് നാടന്‍ഭാഷയില്‍ അറിയപ്പെടുന്ന പുകയില കൃഷിയുള്ളത്. പാരമ്പര്യമായി കൃഷി ചെയ്യുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം കര്‍ഷകരും. സാധാരണയായി സെപ്തംബര്‍-നവംബര്‍ മാസത്തിലാണ് പുകയില കൃഷി തുടങ്ങുന്നത്. നെല്‍കൃഷി കഴിഞ്ഞാല്‍ വരണ്ടുണങ്ങിയ പാടങ്ങള്‍ കിളച്ചു മറിച്ച് പുകയില കൃഷിക്കായി തട്ട് തട്ടാക്കി ഒരുക്കിയിടും. ചീരവിത്തിന്റെ വലിപ്പമുള്ള വിത്താണ് പുകയിലയുടേത്. വിത്തിട്ടാല്‍ പിന്നെ, വിളവെടുക്കും വരെ കഠിനാദ്ധ്വാനമാണ്. സൂര്യോദയത്തിന് മുന്‍പ് വെള്ളം നനയ്ക്കണം. തളിരിലകള്‍ വന്നാല്‍ പറിച്ചുനടണം. കീടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. വെയില്‍ നേരിട്ട് പതിക്കുന്നത് തടയാന്‍ പന്തല്‍ ഒരുക്കണം.

പുകയില കണ്ടത്തില്‍ തന്നെ കുഴിയുണ്ടാക്കി അതില്‍ നിന്നും നനയ്ക്കുകയാണ് പൊതുവെയുള്ള രീതി. വെയില്‍ ചൂട് കടുത്ത് ഇലകളിലെ മഞ്ഞുവെള്ളം വറ്റും മുമ്പ് ചെടികള്‍ക്ക് മുകളിലൂടെ വെള്ളം ഒഴിച്ച് തടം നനയ്ക്കും. ഇങ്ങനെ ഉണ്ടാക്കുന്ന പുകയിലയ്ക്ക് ഗുണം കൂടുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ വില്ലനായി എത്തിയില്ലെങ്കില്‍ നല്ല വിളവ് പ്രതീക്ഷിക്കാം. ഏപ്രില്‍-മെയ് മാസങ്ങളിലാണ് വിളവെടുപ്പ്. പാകമായ തൈകളുടെ തല കൃത്യസമയത്ത് വെട്ടി നിര്‍ത്തണം. ഇത്തരത്തില്‍ വെട്ടിനിര്‍ത്തിയ തൈകള്‍ കൃത്യം വളര്‍ച്ച എത്തി വെട്ടി എടുത്താല്‍ പിന്നെ 21 ദിവസം ഉണക്കണം. വെള്ളം നനയുകയോ ഈര്‍പ്പം തട്ടുകയോ ചെയ്യാത്ത രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ഷെഡില്‍ തലകീഴായി കെട്ടി തൂക്കി ഉണക്കി എടുക്കണം. പിന്നീട് പത്ത് ദിവസം സൂക്ഷിക്കണം. ഇതിന് ശേഷമാണ് വിപണനം. കര്‍ണ്ണാടകയിലാണ് കാസര്‍കോട്ടെ കര്‍ഷകര്‍ പുകയില വിപണനം ചെയ്യുന്നത്. ബീഡിയ്ക്കും പുകയില ഉല്പന്നങ്ങള്‍ക്കുമാണ് കാസര്‍കോട്ടെ പുകയില പ്രധാനമായും ഉപയോഗിക്കുന്നത്.

സ്‌പെയിനില്‍ നിന്നു ക്രിസ്റ്റൊഫര്‍ കൊളംബസ്സും മറും അമേരിക്കന്‍ വന്‍കരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറിയുന്നത്. ക്യൂബയിലെത്തിയ കൊളംബസ് സംഘം അവിടത്തെ ആളുകള്‍ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതു കണ്ടെത്തി. തത്കാലത്തേക്ക് ഉന്മേഷം പകര്‍ന്നുനല്‍കാന്‍ അതിനു കഴിയുന്നുണ്ടെന്നു കണ്ടെത്തിയതോടെ അവരും പുകയില ഉപയോഗിക്കാന്‍ തുടങ്ങുകയും തുടര്‍ന്നു പുകയില യൂറോപ്പിലേക്കു കൊണ്ടുവരികയും ചെയ്തു. അങ്ങനെ പതിനാറാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടും പ്രചാരത്തിലായി. പുകവലിക്കാനും ചവച്ചും പൊടിരൂപത്തില്‍ മൂക്കിലേക്കു വലിച്ചും പുകയില ഉപയോഗിക്കുന്ന രീതി നിലവില്‍ വന്നു.

പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയില കൃഷി ചെയ്യാന്‍ തുടങ്ങി. ചുരുട്ട്, സിഗരറ്റ്, ബീഡി എന്നിവയുടെ രൂപത്തിലാണു പുകയില കൂടുതലും ഉപയോഗിക്കപ്പെടുന്നത്. ഇതിന്റെ ഉപഭോഗം കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്നു 1990-കളോടെ കണ്ടെത്തിയതോടെ തുടക്കത്തില്‍ നല്ല പ്രോത്സാഹനം കിട്ടിപ്പോന്ന പുകയില വ്യാപാരം പിന്നീട് സര്‍ക്കാര്‍ തലത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വരുന്നു. പുകയിലയിലുള്ള നാലായിരത്തിലധികം രാവസ്തുക്കളിലേറ്റവും മുഖ്യന്‍ നിക്കോട്ടിനെന്ന ആല്‍ക്കലോയിഡ് ആണ്. പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണം ഇതാണ്. ഉപയോഗിക്കുന്ന ആളിനെ അതിന് അടിമയാക്കാന്‍ ഈ വിഷപദാര്‍ത്ഥത്തിനുള്ള കഴിവ് അപാരമാണ്.

ആദ്യമാദ്യം ചെറിയ അളവുകളില്‍ ലഹരി കിട്ടുമെങ്കിലും ക്രമേണ അത്രയും പോരാതെ വരികയും കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഉപയോക്താവ് പ്രേരിതനാവുകയും ചെയ്യും. ചുരുങ്ങിയ കാലത്തിനുള്ളില്‍ പുകയില ഇല്ലാതെ കഴിയാന്‍ പറ്റാത്ത രീതിയില്‍ അതിനടിമപ്പെട്ടുപോകുകയുമാണ് ഫലം. പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിനുണ്ടാവുക.ചെടിയുടെ എല്ലാഭാഗങ്ങളിലുമിത് കാണും. ഇലകളിലാണ് കൂടിയ അളവില്‍ സംഭരിക്കപ്പെടുന്നത്. ആകെയുള്ളതിന്റെ ഏതാണ്ട് 60% ഇലകളിലും, 20% തണ്ടിലും,10% വേരിലും 5%പൂക്കളിലും കാണുന്നു.