പശ്ചിമബംഗാളും, ബംഗ്ലാദേശും കൈകള്‍ കോര്‍ത്തുപിടിക്കുന്നിടത്ത് സുന്ദരമായൊരു വനമുണ്ട്. ഗംഗാ ബ്രഹ്‌മപുത്ര നദികളുടെ തലോടലേറ്റ് അഴിമുഖത്ത് സമൃദ്ധമായി വളര്‍ന്ന കണ്ടലിന്റെ കാട്, സുന്ദര്‍ബന്‍. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സുന്ദര്‍ബന്‍ ദേശീയോദ്യാനം. 1984-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമായ സുന്ദര്‍ബന്‍ ഡെല്‍റ്റയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇവിടെ ധാരാളമായി കാണപ്പെടുന്ന ‘സുന്ദരി’ എന്ന കണ്ടല്‍ വൃക്ഷത്തിന്റെ പേരില്‍ നിന്നാണ് ഉദ്യാനത്തിന് സുന്ദര്‍ബന്‍ ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്. ഈ ഉദ്യാനത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ആമസോണ്‍ എന്ന വിശേഷണത്താല്‍ പ്രശസ്തമായ സുന്ദര്‍ബന്‍, ബംഗാള്‍ കടുവകളുടെ ആവാസകേന്ദ്രം കൂടിയാണ്. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം ഏഴുമണിക്കൂര്‍ യാത്രയേയുള്ളൂ സുന്ദര്‍ബന്‍സിലേക്ക്. ബംഗാളികളുടെ ഒരു കൊച്ചുവെനീസ് എന്നുവേണമെങ്കില്‍ നമുക്ക് സുന്ദര്‍ബനിനെ വിശേഷിപ്പിക്കാം. അതായത് 102 ദ്വീപുകളുടെ കൂട്ടമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 7.5 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. കുടുംബത്തോടൊപ്പം ചെലവിടാന്‍ പറ്റിയ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ് സുന്ദര്‍ബന്‍. ഇവിടുത്തെ ടൈഗര്‍ റിസര്‍വ് പ്രദേശത്തിന് 2585 ചതുരശ്രകിലേമീറ്ററോളം വിസ്തീര്‍ണമുണ്ട്. കണ്ടല്‍കാടുകള്‍ക്കുള്ളില്‍ കടുവയോ എന്ന സംശയം സുന്ദര്‍ബനിലെത്തും വരെ ഓരോ സഞ്ചാരികളുടെയുള്ളിലും തോന്നുന്നത് സ്വാഭാവികം. അതിനാല്‍ തന്നെ ഒരു കടുവയെ എങ്കിലും കാണുകയെന്നത് ഇവിടെത്തുന്നവരുടെ ഉള്ളിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും. ഇന്ത്യന്‍ കടുവകളെ കൂടാതെ പുള്ളിമാന്‍, റീസസ് കുരങ്ങ്, മോണിറ്റര്‍ പല്ലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയും ഇവിടെ ധാരാളമായി കാണാം. സുന്ദര്‍ബന്‍സിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചകളിലൊന്ന് കണ്ടല്‍ വേരുകളാണ്. തമ്മില്‍ കെട്ടിപുണര്‍ന്നിരിക്കുന്ന സ്റ്റില്‍ട് റൂട്ട്, നട്ടെല്ല് നിവര്‍ത്തി നിന്ന് ആധിപത്യം പ്രദര്‍ശിപ്പിക്കുന്ന ന്യൂമാറ്റോഫോര്‍സ്, മനുഷ്യന്റെ കാല്‍മുട്ടുകള്‍ പോലെ തോന്നിക്കുന്ന നീറൂട്ട്, സര്‍പ്പങ്ങളെ പോലെ വളഞ്ഞുപുളഞ്ഞു നില്‍ക്കുന്ന പ്ലാങ്ക് റൂട്ട്, ഇങ്ങനെ നീളുന്നു പട്ടിക.



നഗരത്തിന്റെ തിരക്കിനൊപ്പം ഓടിയെത്താന്‍ പാടുപെടുന്ന നമുക്ക്, വൈദ്യുതിപോലുമില്ലാത്ത വീട്ടില്‍ താമസിക്കുക എന്നത് അവിശ്വസനീയമായ ഒന്നായി തോന്നാം. സുന്ദര്‍ബന്‍ നിവാസികള്‍ക്ക് അതൊന്നും ഒരു പോരായ്മയല്ല. ഗൊസാബാ എന്ന ദ്വീപ് ഒഴികെ വേറെ ഒരു ദ്വീപിലും വാഹനങ്ങളില്ല. സൈക്കിളോ റിക്ഷയോ ആണ് ദ്വീപ് നിവാസികള്‍ സവാരിക്കായി ഉപയോഗിക്കുന്നത്. തേന്‍ ശേഖരണമാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴില്‍. ഒരു ഐതിഹ്യകഥയുണ്ട്. പണ്ട് സുന്ദര്‍ബനിലെ ഒരു ദ്വീപില്‍ ദോക്കിന്‍ റായ് എന്നൊരു ഋഷി തപസ്സിരുന്നു. തേനെടുക്കാനായി കാട്ടിലെത്തുന്ന ആദിവാസികളുടെ ശബ്ദവും പ്രവൃത്തിയും ധ്യാനത്തിലിരിക്കുന്ന ഋഷിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പല തവണ ക്ഷമിച്ചെങ്കിലും ആദിവാസികളുടെ തേനെടുക്കലും ബഹളവും ആഘോഷവും പതിവുപോലെ തുടര്‍ന്നു. അവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ ഋഷി ഒരു കാര്യം തീരുമാനിച്ചു. ഒരു കടുവയായി രൂപം കൊണ്ട് ഈ മനുഷ്യരെയെല്ലാം കൊന്ന് തിന്നുക. ഇതറിഞ്ഞ ദൈവം അവരുടെ രക്ഷയ്ക്കായി ‘ബോണ്‍ ബീബി’യെ കാട്ടിലേക്ക് വിട്ടു. കുഞ്ഞു ബോണ്‍ബീബിയെ വളര്‍ത്തി വലുതാക്കിയത് കാട്ടിലെ മാനുകളായിരുന്നു. യുദ്ധത്തിലൂടെ ഋഷിയെ ബോണ്‍ബീബി തോല്‍പിക്കുന്നു. തന്റെ തെറ്റ് മനസ്സിലാക്കിയ ഋഷി മാപ്പ് പറയുകയും ബോണ്‍ബീബിയെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. എന്തായാലും കാടിനെയും കാടിന്റെ മക്കളെയും രക്ഷിച്ച ബോണ്‍ ബീബിയെ ദൈവമായാണ് സുന്ദര്‍ബന്‍കാര്‍ കരുതിപ്പോരുന്നത്.

സുന്ദര്‍ബന്‍ കാടുകള്‍ ഒരനുഗ്രഹമാണ്. പ്രകൃതിയുടെ ഈ മായികലോകം ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും കണ്ടിരിക്കണം. കൊല്‍ക്കത്തയില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് സുന്ദര്‍ബന്‍സ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ സുന്ദര്‍ബന്‍സിനെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന റോഡ് മാര്‍ഗമുണ്ട്. രണ്ടുമണിക്കൂര്‍ നീളുന്ന ഈ റോഡ് മാര്‍ഗം യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. സുന്ദര്‍ബനില്‍ താമസസൗകര്യം ലഭ്യമല്ലാത്തതിനാല്‍ അതിരാവിലെ അവിടെ എത്തുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. കൊല്‍ക്കത്തയില്‍ നിന്ന് സുന്ദര്‍ബന്‍സിലേക്ക് ടാക്‌സി, ബസ് സര്‍വീസുണ്ട്.
All Comments
ട്രാവൽ പ്രോഗ്രാം നന്നാവുന്നുണ്ട് കൊള്ളാം ഇനിയും കാണട്ടെ…