വിനോദസഞ്ചാരികള്‍ക്കായി ലഡാക്ക് ഭരണകൂടം ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങി. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ എല്ലാ ഭാഗത്തും സഞ്ചാരിക്കാന്‍ പാകത്തിലാണ് ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 28 ന് ആദ്യ ബാച്ച് വിനോദ സഞ്ചാരികള്‍ ഈ സര്‍വീസ് ഉപയോഗിച്ച് പറന്നു. സഞ്ചാരികള്‍ക്കും ലഡാക്ക് നിവാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാകും വിധമാണ് ഹെലികോപ്റ്റര്‍ സര്‍വീസ്. ലേ, ഡിബ്ലിങ്, ഡിസ്‌കിറ്റ്, ദ്രാസ്, കാര്‍ഗില്‍, ലിങ്‌ഷെഡ്, നീരക്, പദും, ടുര്‍ടുക്, യുല്‍ചുങ് എന്നിങ്ങനെ 10 പാതകളിലാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ സര്‍വീസിന് നിശ്ചയിച്ചിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശമായതിനാലും കടുത്ത തണുപ്പിനെ അതിജീവിക്കേണ്ടതിനാലും സഞ്ചാരികള്‍ക്ക് ലഡാക്കിലെ വിദൂര ഗ്രാമങ്ങളില്‍ എത്തിച്ചേരുക ഏറെ ക്ലേശകരമാണ്. അതിനൊരു പോംവഴി എന്ന നിലയ്ക്കും ഉള്‍നാടുകളില്‍ അടിയന്തിര ചികിത്സാ അവശ്യങ്ങള്‍ക്ക് ഉപകരിക്കുക, വര്‍ധിക്കുന്ന വിനോദസഞ്ചാരത്തിലൂടെ ഗ്രാമീണരുടെ തൊഴില്‍ അവസരങ്ങളും വരുമാനവും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ ഹെലികോപ്റ്റര്‍ സര്‍വീസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
https://heliservice.ladakh.gov.in എന്ന സൈറ്റിലൂടെ ഹെലികോപ്റ്റര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് B-3 ചോപ്പറുകളും ഒരു എംഐ-172 ഉം ആണ് ഇപ്പോള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. സഞ്ചാരികളുടെ എണ്ണം, കാലാവസ്ഥ തുടങ്ങിയവയ്ക്കു വിധേയമായിട്ടാകും ബുക്കിങ് സ്വീകരിക്കുന്നതും ഹെലികോപ്റ്ററുകള്‍ സര്‍വീസ് നടത്തുന്നതുമെന്ന് അധികൃതര്‍ അറിയിച്ചു.