ഭൂപ്രകൃതിയിലെ സവിശേഷതകള്‍കൊണ്ട് ലോകാത്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാല്‍ അതില്‍ ആദ്യസ്ഥാനം കയ്യടക്കുക തുര്‍ക്കിയിലെ പാമുഖലിയായിരിക്കും. കാരണം, വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതു പോലെയുള്ള ഒരു പ്രദേശമാണിത്. ധ്രുവ പ്രദേശങ്ങളിലേതിന് സമാനമായി തട്ടു തട്ടുകളായി കിടക്കുന്ന സ്ഫടിക സമാനമായ വെട്ടി ത്തിളങ്ങുന്ന പാളികള്‍. എന്നാല്‍ ഇവിടെ കാര്യമായ തണുപ്പും ഇല്ല. വര്‍ഷത്തില്‍ അധിക കാലവും ഉഷ്ണം തന്നെ. മാത്രമല്ല വെണ്‍മ പൊഴിക്കുന്ന ഈ പാളികളുടെ സമീപത്തു തന്നെ ഒട്ടേറെ ചൂടുനീരുറവകളും കാണാം. തുര്‍ക്കിയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണ് പാമുഖലി. ഒഴുക്കു വെള്ളം ഉറഞ്ഞു രൂപപ്പെട്ടതല്ല ഈ ഭൗമ വിസ്മയം. ഒഴുക്കിനിടയില്‍ നദി നിക്ഷേപിച്ച ധാതു മണ്ണാണ് ഈ സവിശേഷ സൃഷ്ടിക്കു കാരണം. പ്രത്യേക തരം ചുണ്ണാമ്പു കല്ലാണ് ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഈ പാളികള്‍. തുര്‍ക്കി ഭാഷയില്‍ ‘പഞ്ഞിക്കോട്ട’ (കോട്ടണ്‍ കാസില്‍) എന്നര്‍ഥമുള്ള പാമുഖലി ഒരു യുനെസ്‌കോ പൈതൃക സ്ഥാനമാണ്.

തുര്‍ക്കിയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഡെനിസ്ലിയിലാണ് പാമുഖലി പ്രദേശം. ഈ പ്രദേശത്തെ പ്രകൃതി ദത്തമായ 17 ചൂടു നീരുറവകളിലെ ജലം ഒരുമിച്ചു ചേര്‍ന്ന് ഒഴുകി, അതിലെ ധാതുക്കള്‍ അടിഞ്ഞു ചേര്‍ന്ന് ചില രാസ, ഭൗതിക മാറ്റങ്ങള്‍ക്കു വിധേയമായതാണ് ഈ വെണ്‍ പാളികള്‍. കാല്‍സ്യം ധാതുക്കളാല്‍ സമ്പന്നമായ ഈ ചൂടുനീരുറവകളിലെ ജലം പുറത്തേക്ക് ഒഴുകും വഴി കാല്‍സ്യം കാര്‍ബണേറ്റും കാര്‍ബണ്‍ ഡൈ ഒക്‌സൈഡും അടങ്ങുന്ന ഒരു മിശ്രിതം ജെല്‍ രൂപത്തില്‍ സമീപത്തുള്ള പാറകളില്‍ അടിയും. ക്രമേണ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷ വായുവില്‍ ലയിക്കുന്നതോടെ കാല്‍സ്യം കാര്‍ബണേറ്റ് പരലുകള്‍ അടിയുകയും അത് ട്രാവര്‍ടീന്‍ എന്ന അവസാദ ശിലയായി മാറുകയും ചെയ്യുന്നു. ബിസി എട്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലം മുതല്‍ ഈ ശിലാ രൂപീകരണം ഇവിടെ നടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.




ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാമുഖലി ഒരു ദിവസം ആസ്വദിച്ചു കാണാനുള്ള കാഴ്ചകളും അനുഭവങ്ങളും ഉണ്ട്. ട്രാവര്‍ടീന്‍ പാളികള്‍ കാണാന്‍ മാത്രമല്ല, അതില്‍ ക്കൂടി നടക്കാനും സൗകര്യമുണ്ട്. എങ്കിലും ഷൂസ് ധരിക്കാന്‍ അനുവാദമില്ല. നഗ്‌നപാദരായി വേണം നടക്കാന്‍. പ്രകൃതി നിര്‍മിതമായ ഈ വിസ്മയത്തില്‍ മനുഷ്യന് ഏല്‍പിക്കാവുന്ന ആഘാതം പരമാവധി കുറയ്ക്കാനുള്ള കരുതലിന്റെ ഭാഗമാണിത്. ചൂടുനീരുറവകളിലും കുളങ്ങളിലും കുളിക്കാനും സാധിക്കും. ട്രാവര്‍ടീന്‍ കല്ലുകളുടെ വശങ്ങള്‍ തട്ടി മുറിവേല്‍ക്കാനും ഈര്‍പ്പമുള്ള ചുണ്ണാമ്പു കല്ലുകളില്‍ വഴുതാനും സാധ്യതയുണ്ട് എന്നതും സഞ്ചാരികള്‍ ശ്രദ്ധിക്കണം. സണ്‍ഗ്ലാസ് ധരിക്കുന്നതും ഈ യാത്രയില്‍ നല്ലതാണ്.

പുരാതന ഗ്രീക്ക് നഗരമായ ഹിരാപോളിസിന്റെ അവശിഷ്ടങ്ങള്‍ പാമുഖലിയുടെ സമീപത്താണ്. ട്രാവര്‍ടീന്‍ നാച്ചുറല്‍ സൈറ്റും ഹിരാപോളിസ് ആര്‍ക്കിയോളജക്കല്‍ സൈറ്റും ഒരുമിച്ചായാണ് യുനെസ്‌കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിരാ പോളിസില്‍ 12000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും വിധം നിര്‍മിച്ച ആംഫി തീയറ്ററിന്റെ ശേഷിപ്പ് ഇന്നും പ്രൗഢമായൊരു കാഴ്ചയാണ്. മറ്റൊരു ആകര്‍ഷണം മാര്‍ക്ക് ആന്റണി ക്ലിയോപാട്രയ്ക്കു നിര്‍മിച്ചു കൊടുത്തു എന്നു കരുതുന്ന ഒരു ഉഷ്ണജല കുളമാണ്. ഇന്നും നല്ല രീതിയില്‍ സൂക്ഷിക്കുന്ന ഈ കുളത്തില്‍ സഞ്ചാരികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഒന്നു മുങ്ങി കയറാം, പ്രത്യേക ടിക്കറ്റ് എടുക്കണമെന്നു മാത്രം.