AGRICULTURE | അടയ്ക്കാവില കുതിക്കുന്നു; കോളടിച്ച് കര്‍ഷകര്‍

August 8, 2022
97
Views

വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് അടയ്ക്കാവില കുതിക്കുന്നു. മുമ്പ് കിലോയ്ക്ക് നൂറില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന അടയ്ക്കയ്ക്ക് ഇപ്പോള്‍ ഇരുന്നൂറിനു മുകളിലാണ് വില. ചില്ലറ വില്‍പ്പനയിലും അടയ്ക്ക ചരിത്രം സൃഷ്ടിക്കുന്നുണ്ട്. ഒരെണ്ണത്തിന് ശരാശരി 10 രൂപ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത ഈ വിലവര്‍ദ്ധനവ് കമുക് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുകയാണ്. ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു ഉഷ്ണമേഖലാ വിളയാണ് അടയ്ക്ക. കേരളത്തിലെ അടയ്ക്കാ സീസണ്‍ കഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ അടയ്ക്ക കൃഷിയെ കാലാവസ്ഥ വ്യതിയാനം സ്വാധീനിച്ചുവെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണെന്നും വ്യാപാരികള്‍ പറയുന്നു.
മുമ്പ് അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെ വില മാത്രമേയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 200 രൂപയ്ക്ക് മുകളിലാണ് ഒരു കിലോയ്ക്ക് ലഭിക്കുന്നത്. 20 മുതല്‍ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. അടക്ക കൃഷിയില്‍ നിന്നുള്ള വരുമാനം ഒരുകാലത്തു കേരളത്തിന്റെ സാമ്പത്തിക ശ്രോതസ്സായിരുന്നു. അടയ്ക്കാ കൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായിക്കഴിഞ്ഞു.ഏഷ്യന്‍ രാജ്യങ്ങളില്‍ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇന്ത്യയില്‍ മാത്രമാണ് കവുങ്ങിന്റെ കൃഷിയും ഗവേഷണവും നടക്കുന്നത്. ഇന്ത്യയിലെ ഏകദേശം 40 ലക്ഷം ആളുകള്‍ അടയ്ക്കാകൃഷിയും അതുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളേയും ആശ്രയിച്ചാണ് ജീവിക്കുന്നതെന്നാണ് കണക്കുകള്‍. കേരളം കൂടാതെ കര്‍ണ്ണാടക, അസം എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന അടയ്ക്കാ ഉല്പാദന സംസ്ഥാനങ്ങള്‍.

ഔഷധഗുണമുള്ള ഫലമായ അടയ്ക്ക വെറ്റില മുറുക്കുന്നതിനാണ് കേരളീയര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന അടക്ക കൂടുതലായും വിവിധതരം പാക്കുകള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത് മൂക്കാത്ത അടക്ക വേവിച്ചു സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന വാസന പാക്കുകള്‍ കേരളീയര്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പ്രിയങ്കരമാണ്. അടക്ക വെറ്റിലമുറുക്കുന്നതിന് ഉപയോഗിക്കുന്നതിനു പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ടന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ അരുചി ഇല്ലാതാക്കുകയും കഫം നശിപ്പിക്കുകയും ചെയ്യും.

ഇപ്പോഴത്തെ വില സൂചനമാത്രമാണെന്നും ഇനിയും അടക്ക വില കൂടുമെന്നുമാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. മലയോരമേഖലയില്‍ റബറിന് വില കുറഞ്ഞതോടെ റബര്‍ വെട്ടി പലരും കവുങ്ങ് കൃഷി ചെയ്തിരുന്നു. ഇത് കര്‍ഷകര്‍ക്ക് നേട്ടമായെന്നാണ് വിലയിരുത്തല്‍. കൊച്ചിയും കോഴിക്കോടുമാണ് പ്രധാന അടയ്ക്ക മാര്‍ക്കറ്റുകള്‍.

Article Categories:
Agriculture

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here