തോട്ടത്തിനുള്ളില്‍ നിന്ന് നിറയെ കരിമ്പുകളുമായി നില്‍ക്കുന്ന കാളവണ്ടിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റുകയാണ്. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകതയെന്ന് കേള്‍ക്കണോ? മഹാരാഷ്ട്രയിലെ രാജാറാം ബാപ്പു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഭാരം വലിക്കുന്ന കാളകള്‍ക്ക് ആശ്വാസം നല്‍കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. രണ്ട് ചക്രമുള്ള കാളവണ്ടിയില്‍ കാളകള്‍ക്ക് ഇടയില്‍ മൂന്നാമതൊരു ചക്രം ചിത്രത്തില്‍ കാണാം. അമിതഭാരത്തില്‍നിന്ന് കാളകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ കണ്ടുപിടിത്തം. ഐഎഎസ് ഓഫീസറായ അശ്വനീഷ് ശരണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലായത്. ചരക്കിന്റെയും വണ്ടിയുടെയും ഭാരം കഴുത്ത് കൊണ്ട് ചുമന്നാണ് കാളകള്‍ നടക്കുന്നത്. ഇവിടെ ചക്രം ഘടിപ്പിച്ചതോടെ അത് ഇല്ലാതായെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

എന്നാല്‍ അശ്വനീഷ് ശരണിന്റെ ട്വിറ്റര്‍ പോസ്റ്റിന് താഴെയായി നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലുചക്രമുള്ള വണ്ടിയാണ് ഇതിനേക്കാള്‍ ഭേദമെന്നും ഒരാള്‍ അഭിപ്രായം രേഖപ്പെടുത്തി.