കണ്ണൂർ പറശ്ശിനിക്കടവിൽ അങ്ങനെയാണ്. തെരുവു നായകൾക്ക് ഇവിടെ രാജ പദവിയാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നിട്ടുള്ളവർക്ക് അറിയാം. ക്ഷേത്രത്തിനകത്തും പുറത്തും തെരുവ് നായകളുടെ വിഹാരകേന്ദ്രമാകും പലപ്പോഴും. ശ്രീ കോവിലിന് സമീപം തന്നെ നായകളുടെ പ്രതിമയും ഉണ്ട്. ആദ്യമായി വരുന്നവർക്ക് ഇതെല്ലാം കൗതുകമാണ്. ക്ഷേത്രത്തിൽ നിന്ന് വിട്ടു ബസ്സ് സ്റ്റാൻഡിൽ എത്തിയാൽ അതല്ല കഥ. ഇവിടെ എല്ലായിടത്തെയും പോലെ തന്നെ തെരുവ് നായകൾ ഉണ്ട്. എണ്ണം അല്പം കൂടും എന്ന് മാത്രം. രാവിലെ ബസ്സിറങ്ങി ക്ഷേത്രത്തിലേക്ക് നടക്കുമ്പോഴാണ് ഈ അതിമനോഹരകാഴ്ച കണ്ടത്. മനസ്സുനിറയെ കരുണയും പരിസ്ഥിതി ബോധവുമുള്ള ഒരു ബസ് കണ്ടക്ടർക്ക് ചുറ്റും തെരുവുനായകൾ കൂട്ടംകൂടി നിൽപ്പാണ്. ബസ് കണ്ടക്ടർ കയ്യിലെ പൊതി അഴിച്ച് നായകൾക്ക് ബിസ്ക്കറ്റ് നൽകിക്കൊണ്ടിരിക്കുന്നു. സാമർത്ഥ്യം അനുസരിച്ച് ഓരോ നായകളും അത് വായിക്കുള്ളിൽ ആക്കുന്നുണ്ട്. സ്ഥിരമായി ഒരു വെളുത്ത നായ രണ്ടുകാലിൽ നിൽപ്പാണ്. കണ്ടക്ടർ എറിയുന്ന ബിസ്ക്കറ്റ് ഏറ്റവും കൂടുതൽ വിഴുങ്ങുന്നത് ആ മഹാനാണ്. മറ്റു നായകൾ ബിസ്ക്കറ്റ് കിട്ടാതെ അരിശം കൊണ്ട് മാറിനിൽക്കുന്നുമുണ്ട്. കൂട്ടത്തിലേക്ക് ടീം ലീഡർ എത്തിയതോടെ കഥ മാറി. (വീഡിയോ കാണാം ?)
അപ്പോഴേക്കും കണ്ടക്ടറുടെ കയ്യിലെ ബിസ്ക്കറ്റ് കഴിഞ്ഞിരുന്നു. കണ്ടക്ടർ ഒന്ന് നടന്നു മാറിയതേയുള്ളൂ പിന്നെ കേൾക്കുന്നത് കൂട്ട നിലവിളിയാണ്. ബസ്റ്റാൻഡിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെ എല്ലാവരും അതുകണ്ട് അമ്പരന്നു. പിന്നെ ഭയമായി. ടീം ലീഡറുടെ നേതൃത്വത്തിൽ നായകൾ എല്ലാം ആ വെളുത്ത നായയെ കൂട്ടമായി ആക്രമിക്കുകയാണ്. സമീപത്ത് നിന്നിരുന്ന മറ്റൊരു ബസ് ജീവനക്കാരൻ നായകളെ ആട്ടിപ്പായിക്കാൻ നോക്കുന്നുണ്ട്. കടിപിടി അതിന്റെ രൂക്ഷാവസ്ഥയിൽ എത്തിയിരിക്കുന്നു. ബിസ്ക്കറ്റ് കൊടുത്തിരുന്ന കണ്ടക്ടർ അതുകണ്ട് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലം വിട്ടു. പിന്നെ ഭയന്ന് ഓടി. തെരുവുനായകളെ സ്നേഹിച്ച ആ മനസ്സിൽ നിന്ന് തന്നെ ഭയം പുറത്തുവന്നത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി. തെരുവ് നായകളെ സ്നേഹിക്കുന്ന നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും സോഷ്യൽ മീഡിയ കൂട്ടായ്മകളും ഉണ്ട്. അവരിൽ ആരെയെങ്കിലും നായ കടിക്കാൻ വന്നാൽ ആദർശം ദൂരെയെറിഞ്ഞ് ഓടും. അതുവരെ തെരുവുനായ് ശല്യം തീർക്കാൻ വേണ്ടി നടക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനും പ്രക്ഷോഭങ്ങൾ അഴിച്ചുവിടാനും ഇവർ മുൻപിൽ ഉണ്ടാകും. ലോകത്ത് എല്ലായിടത്തും തെരുവ് നായ്ക്കളെ നിരോധിച്ചാൽ, കേരളത്തിൽ അവ എന്തായാലും സ്വൈര്യവിഹാരം നടത്തുമെന്ന് ഉറപ്പുള്ള ഒരേയൊരു സ്ഥലമാണ് പറശ്ശിനിക്കടവ്.