ചിലര്‍ക്ക് ഒന്ന് ഉഷാറാകാന്‍ കാപ്പിയോ ചായയോ നിര്‍ബന്ധമാണ്. കാപ്പി അധികം കുടിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന ഉപദേശം കാരണം എങ്ങനെ ഈ ശീലം ഒഴിവാക്കാം എന്ന ചിന്തയിലാകും മിക്കവരും. എന്നാല്‍ കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങളെ പറ്റി അറിഞ്ഞാല്‍ അല്‍പം ആശ്വാസം ലഭിക്കും. എന്തൊക്കെയാണ് കാപ്പിയുടെ ഗുണങ്ങള്‍ എന്നറിയാം. കാപ്പി കുടിച്ചാല്‍ ഉഷാറാകുന്നത് കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കാരണം ആണ്. നാഡീവ്യൂഹത്തെ ഇത് ഉത്തേജിപ്പിക്കും. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കഫീന്‍ സഹായിക്കും.
കാപ്പികുടിയും ആരോഗ്യവും
കാപ്പി കുടിക്കുന്നതും ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ കപ്പ് കാപ്പിയും ടൈപ് 2 ഡയബറ്റിസ് സാധ്യത 6ശതമാനം കുറയ്ക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഒഴിവാക്കുവാന്‍ സഹായിക്കുന്ന കാപ്പി ശരീരഭാരം നിയന്ത്രിക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.

ദിവസവും രണ്ടില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍മ്മനഷ്ടപ്പെടുകയും ചിന്താശേഷി ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്ന അല്‍ഷിമേഴ്സ് രോഗം പലര്‍ക്കും പേടിസ്വപ്നമാണ്. 29,000ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നത് അല്‍ഷിമേവ്സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. കാപ്പിയുടെ ധാരാളം ഗുണങ്ങളില്‍ ഒന്നാണ ഇവ ചര്‍മ്മത്തിന് നല്ലതാണെന്നത്. ക്ലോറോജെനിക് ആസിഡുകള്‍ (സിജിഎ) പോലെയുള്ള പോളിഫിനോളുകള്‍ കാപ്പിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബിയല്‍ ഇഫക്റ്റുകള്‍ ഉണ്ടാകാം. പലരും ചര്‍മ്മസംരക്ഷണത്തിനായി കാപ്പിപൊടി നേരിട്ട് ചര്‍മ്മത്തില്‍ തേക്കാറുമുണ്ട്.

എക്സിമ, സോറിയാസിസ്, മുഖക്കുരു തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റാന്‍ കാപ്പി ഫലപ്രദമാണെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി കാപ്പികുടിക്കുന്നത് ബീജ ചലനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതുപോലെതന്നെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും കാപ്പി സഹായിക്കും. പല പഠനത്തില്‍ ദിവസവും മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവരില്‍ 15ശതമാനം ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്നാണ് പറയുന്നത്.
കാപ്പികുടി അമിതമായാല്‍
അമിതമായി കാപ്പി കുടിക്കുന്നവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില താറുമാറാകാന്‍ സാധ്യതയുണ്ട് അതുകൊണ്ട് രക്തസമ്മര്‍ദ്ദം ഉള്ളവര്‍ കാപ്പി നിയന്ത്രിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.
സൗത്ത് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയിലെ ഓസ്ട്രേലിയന്‍ സെന്റര്‍ ഫോര്‍ പ്രിസിഷന്‍ ഹെല്‍ത്തിലെ ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തിയത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ കോഫി ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഉണ്ടാകാനും കാരണമാവും എന്നാണ്. ഒരു ദിവസം ആറോ അതിലധികമോ കപ്പ് കാപ്പി കുടിച്ചാല്‍ അതിലൂടെ ശരീരത്തിന് വേണ്ടാത്ത കൊഴുപ്പുകള്‍ ശരീരത്തിലെത്തുകയും അത് ഗുരുതരമായ കാര്‍ഡിയോവസ്‌കുലര്‍ ഡിസീസിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.