ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അഹാരം നിയന്ത്രിക്കുന്നതിലും വ്യായാമത്തിലുമൊക്കെയാണ് അമിതമായി ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ ഉറക്കത്തിനും മതിയായ പ്രാധാന്യം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കണം. ഉറക്കക്കുറവ് മൂലം ഉപാപചയ പ്രശ്നങ്ങള്‍, ശരീരഭാരം കൂടുക, പൊണ്ണത്തടി തുടങ്ങി നിരവധി ബിദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഉറക്കം മോശമാകുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദിവസവും എട്ട് മണിക്കൂറാണ് ഉറങ്ങേണ്ടത്. ഉറങ്ങാതിരിക്കുമ്പോള്‍ അനാവശ്യമായി കൂടുതല്‍ കലോറി ശരീരത്തില്‍ പ്രവേശിക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുവെ കൂടുതല്‍ കലോറി ഉള്ള ഭക്ഷണമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും തുടര്‍ച്ചയായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശ്രദ്ധക്കുറവ്, ഉത്സാഹക്കുറവ് എന്നിവ വ്യായാമം ചെയ്യാനുള്ള ആവേശം കുറയ്ക്കുകയും ഇത് സാവധാനം ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും.