ആയ് നാട്ടുരാജാവായ ചടയന്റെ നാടാണ് ചടയമംഗലം. ഐതിഹ്യമെഴുത്തുകാര്‍ ജടായുമംഗലം എന്നാക്കിമാറ്റിയതാണ്. തൊട്ടടുത്തുതന്നെ ആയൂരുണ്ട്. ആയ് ഊരാണ് ആയൂരായത്. ചടയമംഗലം എന്ന പ്രദേശത്തെ പറ്റി ചരിത്രസൂചനകള്‍ ഉണ്ട്. മധുര രാജാവായ മാറന്‍ ചടയന്‍ ആയ് രാജ്യത്തിന്റെ തലസ്ഥാനമായ വിഴിഞ്ഞം ആക്രമിച്ചത് ചടയമംഗലത്തുള്ള നാട്ടുപാത കടന്നായിരുന്നു. പില്‍ക്കാലത്ത് ഈ പ്രദേശം വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചതും ജനപഥം സ്ഥാപിച്ചതും മാറന്‍ ചടയന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ചടയമംഗലം എന്ന പേര് സ്ഥലനാമമായതും. ഇതൊന്നുമറിയാത്ത ഏതോ വിദ്വാന്‍ കുത്തിയിരുന്ന് കണ്ടെത്തിയതാണ് ചടയനിലെ ജടായു. അങ്ങനെ ജടായുമംഗലത്തെ ചടയമംഗലവുമാക്കി. പുരാണത്തിന്റെ ജടായു വീണത് ഈ പാറപ്പുറത്തുമായി. ഇക്കാലത്ത് വിനോദസഞ്ചാരത്തിനായി ആളെ കൂട്ടാനും ഈ കെട്ടുകഥ ഉപയോഗിക്കുന്നുണ്ട്.

വിവരക്കേടിന്റെ മറ്റൊരു ഉദാഹരണമാണ് കഴുകനായ ജടായുവിനെ പരുന്താക്കി ചിത്രീകരിച്ചിരിക്കുന്ന ശില്‍പവും. സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു. ജടായു ഒരു കഴുകന്‍ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണന്‍ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോള്‍ മാര്‍ഗ്ഗമധ്യേ ജടായു സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തില്‍ രാവണന്‍ ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞ് പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാര്‍ സീതയെ അന്വേഷിച്ചുവരുമ്പോള്‍ മാര്‍ഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു.




രാവണനുമായി താന്‍ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പ്രദേശത്താണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്ന പാറമല. പുരാതന കാലം മുതല്‍ ശൈവ സന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നതാണ് ഇത്തരം ഉയര്‍ന്ന പാറക്കെട്ടുകള്‍. ഇത്തരം പാറയുടെ മുകളിലായി കുര്യാലകള്‍ ധാരാളമായി കാണാറുണ്ട്. സന്യാസികളുടെ ധ്യാന സ്ഥാനങ്ങളായിരുന്നു അവ. പില്‍ക്കാലത്ത് നാട്ടുകാര്‍ വിളക്ക് കത്തിച്ച് വച്ച് ആരാധിച്ചു പോരുന്നവ. ഓരോന്നിനെ പറ്റിയും ഓരോ വാമൊഴി കഥകളുമുണ്ടാകും. പ്രാചീന കാല മനുഷ്യ അടയാളങ്ങളെ ഇതിഹാസങ്ങളുമായി ബന്ധപ്പെടുത്തി കഥ മെനയാന്‍ കഴിവുള്ളവരും തലമുറകളിലൂടെ കെട്ടുകഥകളെ പൊലിപ്പിച്ചു.
സ്ഥലനാമ ഗവേഷകരാണ് സ്വന്തം നിഗമനങ്ങള്‍ യുക്തിരഹിതമാണെന്നും തങ്ങളുടെ കല്പനാവൈഭവം മാത്രമാണെന്നും തിരിച്ചറിഞ്ഞിട്ടും ജനങ്ങളില്‍ കെട്ടുകഥകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ചിലര്‍ അത് ചടയമംഗലത്തും സംഭവിച്ചു. രാവണന്റെ ചന്ദ്രഹാസമേറ്റ് ജഡായു നിലംപതിച്ചത് ഇവിടെയാണെന്ന കഥയ്ക്ക് ഒരു നൂറ്റാണ്ടു പോലും പഴക്കമില്ല. ആന്ധ്രയില്‍ മറ്റൊരിടം ഇതേ പോലെ കേട്ടു വരുന്നു. മദ്ധ്യഭാരതത്തിലെ ആരണ്യത്തില്‍ നിന്ന് സീതയെ അപഹരിച്ച് പുഷ്പകവിമാനത്തില്‍ വരുന്ന രാവണന് പശ്ചിമഘട്ടം കടന്ന് കേരളത്തില്‍ എത്തേണ്ട ഒരു കാര്യവുമില്ല. കടന്നാല്‍ തന്നെ നീലഗിരിക്ക് വടക്കുനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാലേ രാമേശ്വരം കടന്ന് ലങ്കയില്‍ എത്താനാവും. അഥവാ ചടയമംഗലത്ത് എത്തണമെങ്കില്‍ പാവം ജഡായുവിനെ വധിക്കാനായി പുഷ്പകവിമാനത്തെ വഴിതെറ്റിച്ചു വിട്ടതായിരിക്കണം.