HISTORY | 60 വര്‍ഷം മുമ്പ് അറബ് രാജ്യങ്ങള്‍ ഉപയോഗിച്ചത് നമ്മുടെ സ്വന്തം ഇന്ത്യന്‍ രൂപ | Unnikrishnan Sreekantapuram

October 16, 2022
115
Views

റിയുമോ? ഇന്ന് കേരളത്തിലേക്ക് വരുന്ന വിദേശ പണത്തിന്റെ വലിയ പങ്കും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ UAE യുടെ ഭാഗമായ ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്ന്. പിന്നെ, ഒമാന്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും. ഒപ്പം സൗദിയില്‍ നിന്നും.
രസകരമായ കാര്യം എന്തെന്നോ? അര നൂറ്റാണ്ടിനപ്പുറം വരെ ഇതില്‍ സൗദി ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായി കറന്‍സി ഉണ്ടായിരുന്നില്ല.
കച്ചവടാവശ്യങ്ങള്‍ക്കും ദൈനന്തിന ഇടപാടുകള്‍ക്കുമായി സൗദി ഒഴികെയുള്ള ആ രാജ്യങ്ങളെല്ലാം ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നു. നമ്മുടെ നാട്ടില്‍ അച്ചടിച്ച നോട്ട് വാങ്ങി അത് അതേ പോലെ ഉപയോഗിക്കുന്നവരായിരുന്നു യു എ ഇ, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍. അതെ. RBI അച്ചടിച്ചിരുന്ന ഇന്ത്യന്‍ രൂപയായിരുന്നു അവരുടെ രൂപയും. ഇന്ത്യക്കാരുടെ ആവശ്യത്തിനായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ചിരുന്ന നോട്ടുകളായിരുന്നു ആദ്യം അവര്‍ വാങ്ങി ഉപയോഗിച്ചിരുന്നത്.
കേന്ദ്ര ഗവര്‍മെണ്ട് അച്ചടിക്കുന്ന ഒരു രൂപയും പിന്നെ റിസര്‍വ്വ് ബാങ്ക് അച്ചടിച്ചിരുന്ന 5, 10, 100 തുടങ്ങിയ നോട്ടുകളും തന്നെയാണ് അവര്‍ ഉപയോഗിച്ചിരുന്നത്.1959 വരെ അതായിരുന്നു സ്ഥിതി.

1959 മുതല്‍ 1966 വരെ കള്ളക്കടത്തുകാരുടെ ചില തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ രൂപയുടെ ഡിസൈന്‍ അതു പോലെ നില നിര്‍ത്തി കളറും പേരും മാത്രം മാറ്റി അവര്‍ക്ക് മാത്രമായി പ്രത്യേകം നോട്ടും RBI അച്ചടിച്ചു കൊടുത്തു. അതിനെ ഗള്‍ഫ് റുപ്പി അല്ലെങ്കില്‍ External Note എന്ന് വിളിച്ചു. അതായത് ഇന്ന് ലോകത്തിലെ വന്‍ സാമ്പത്തികത്തിളക്കമുളള നാടായി മാറിയ മേല്പറഞ്ഞ രാജ്യങ്ങള്‍ക്ക് 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി രൂപാ നോട്ട് അച്ചടിക്കാനുള്ള സംവിധാനം പോലുമില്ലായിരുന്നു എന്നര്‍ത്ഥം. എണ്ണ നിക്ഷേപം കണ്ടെത്തും മുമ്പുള്ള കാലത്ത് അല്ലറച്ചില്ലറ വ്യാപാരവുമായി കഴിഞ്ഞ മേല്പറഞ്ഞ രാജ്യങ്ങളില്‍ പലതിനും കറന്‍സി നല്‍കിയത് ഇന്ത്യയായിരുന്നു. ഇന്ന് UAE യുടെ ഭാഗങ്ങളായിട്ടുളള പ്രദേശങ്ങളൊക്കെ അന്ന് ബ്രിട്ടീഷ് സംരക്ഷിത പ്രദേശം അഥവാ ട്രുഷ്യല്‍ രാജ്യങ്ങള്‍ Trucial States എന്നാണ് അറിയപ്പെട്ടിരുന്നത്. ട്രൂഷ്യല്‍ രാജ്യങ്ങള്‍ക്കൊപ്പം പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രമുഖമായ രാജ്യങ്ങളായ കുവൈറ്റ്, ബഹറിന്‍, ഖത്തര്‍, ഒമാന്‍ എന്നിവയും അന്ന് കറന്‍സി ആയി ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നു.

സ്വാതന്ത്ര്യം നേടുന്നതിന് മുമ്പുള്ള ബ്രിട്ടീഷ് ആധിപത്യകാലത്ത് മാലിദ്വീപ്, മൗറീഷ്യസ്, ഇന്തോനേഷ്യ, നേപ്പാള്‍, സീഷെല്‍സ്, ബര്‍മ്മ, ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക, ടിബറ്റ്, ജര്‍മ്മന്‍ ഈസ്റ്റ് ആഫ്രിക്ക. ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍, ഇന്നത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം ഇന്ത്യന്‍ കറന്‍സി തന്നെയായിരുന്നു ഇടപാടിനായി ഉപയോഗിച്ചിരുന്നത്. അങ്ങനെ 20 ലേറെ രാജ്യങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇന്ത്യയുടെ കറന്‍സി ഉപയോഗിച്ചാണ് . റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിക്കുന്ന അഞ്ചിന്റെയും പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ . പിന്നെ ഇന്ത്യാ ഗവര്‍മെണ്ട് ഇറക്കിയിരുന്ന ഒരു രൂപ കറന്‍സിയും അതായിരുന്നു അവരുടെ മാര്‍ക്കറ്റിനെയും ചലിപ്പിച്ചത്. ചുരുക്കത്തില്‍ 20 ലേറെ രാജ്യങ്ങള്‍ അല്ലെങ്കില്‍ അന്നത്തെ കാലത്തെ ലോക ജനസംഖ്യയുടെ ഏകദേശം 26% ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ക നടത്തിയത് എന്നര്‍ത്ഥം
ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയതാണ് ഈ രീതി .പിന്നീട് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന് ശേഷവും റിസര്‍വ് ബാങ്ക് അച്ചടിച്ചിരുന്ന നോട്ടുകള്‍ അതേപടിയായിത്തന്നെയാണ് ട്രൂഷ്യല്‍ രാജ്യങ്ങള്‍ വാങ്ങി ഉപയോഗിച്ചിരുന്നത്.
അതിനാല്‍ ഇന്ത്യന്‍ റുപ്പിയുമായി ആര്‍ക്കും ആ രാജ്യങ്ങളിലേക്ക് ചെന്ന് കാര്യങ്ങള്‍ സാധിച്ചു വരാമായിരുന്നു. അവിടെ എല്ലാ ഇടപാടിനും നമ്മുടെ നോട്ട് മതിയായിരുന്നു.ഇന്നത്തെപ്പോലെ ഇന്ത്യന്‍ രൂപ കൊടുത്ത് ദിര്‍ഹം ആക്കി മാറ്റിയെടുക്കേണ്ട ആവശ്യമില്ല. ഏത് കടകളിലും സ്ഥാപനങ്ങളിലും ഇന്ത്യന്‍ രൂപയായിരുന്നു സ്വീകാര്യം.


ഈ സ്ഥിതി മാറി വന്നത് എങ്ങനെ എന്നറിയണ്ടേ ?
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നത് നമുക്കിന്നൊരു വാര്‍ത്തയേ അല്ലല്ലോ. ഇതേ പോലെ, 1950 കളിലും ഗള്‍ഫില്‍ നിന്ന് ഇങ്ങോട്ട് കള്ളപ്പണവും കള്ളക്കടത്തും വ്യാപകമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അന്നും സ്വര്‍ണത്തിന് വിലക്കുറവാണ്. അത് മനസ്സിലാക്കിയ സൂത്രശാലികളായ ഇന്ത്യക്കാര്‍ ,ധാരാളം ഇന്ത്യന്‍ രൂപയുമായി ഗള്‍ഫില്‍ ചെല്ലും . അവിടുന്ന് സ്വര്‍ണം വാങ്ങി ഉരുക്കളിലും മറ്റുമായി ഇന്ത്യയിലെത്തിച്ച് ലാഭമുണ്ടാക്കും. ഈ അനധികൃത സ്വര്‍ണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായി. അതോടെ ഗള്‍ഫിലേക്ക് ഇന്ത്യന്‍ രൂപ അതേപടി നല്‍കുന്നത് ശരിയല്ല എന്ന് നമ്മുടെ ഭരണ കൂടം മനസ്സിലാക്കി. ഇന്ത്യന്‍ രൂപയുമായി ഇവിടുന്നാരും പോയി സ്വര്‍ണം വാങ്ങി വരാതിരിക്കാനുള്ള തന്ത്രമാണ് ഗവര്‍മെണ്ട് അതിനായി സ്വീകരിച്ചത്. അതിനായി പേര്‍ഷ്യന്‍ ഗള്‍ഫിലെ സംസ്ഥാന സര്‍ക്കാരുകളുമായും ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായും കൂടിയാലോചിച്ച ഇന്ത്യന്‍ സര്‍ക്കാര്‍, പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രചാരത്തിനായി പ്രത്യേക കറന്‍സി നോട്ടുകള്‍ അവതരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. അതായത് ഇന്ത്യക്കാര്‍ ഇവിടുന്ന് ഇന്ത്യന്‍ രൂപയുമായി പോയി സ്വര്‍ണം വാങ്ങി കള്ളക്കടത്ത് നടത്തുന്നത് ഒഴിവാക്കാന്‍ ഗള്‍ഫുകാര്‍ക്ക് മാത്രമായി വേറെ നിറത്തിലും പേരിലും നോട്ടടിക്കുക.
അങ്ങനെ 1959 മുതല്‍ ഇന്ത്യന്‍ രൂപ അതേപടി ഗള്‍ഫില്‍ നല്‍കുന്ന പരിപാടി നിര്‍ത്തി. പകരം ഗള്‍ഫുകാര്‍ക്ക് ഉപയോഗിക്കാനായി വേറെ പേരും വേറെ നിറവും ഉള്ള രൂപ അച്ചടിച്ചു കൊടുത്തു. ഡിസൈന്‍ പഴയതു പോലെ തന്നെ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന നോട്ടുകളില്‍ നിന്ന് പുതിയ നോട്ടുകളെ വേര്‍തിരിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം, അവയുടെ സംഖ്യയുടെ മുകളില്‍ ‘Z’ എന്ന പ്രത്യേക സീരിയല്‍ നമ്പര്‍ പ്രിഫിക്സ് ചെയ്തിട്ടുണ്ട് എന്നതാണ്. ഗള്‍ഫ് റുപ്പി എന്ന് പേരിട്ട ആ രൂപ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കിട്ടില്ല. ഇവിടെ ഉപയോഗിക്കാനുമാകില്ല. ഗള്‍ഫുകാര്‍ക്ക് മാത്രമായി ഗള്‍ഫ് റുപ്പി പ്രചാരത്തിലായപ്പോള്‍ ഇന്ത്യക്കാര്‍ ഇന്ത്യന്‍ റുപ്പിയുമായി പോയാല്‍ അവിടെ നിന്ന് സ്വര്‍ണം വാങ്ങാനുമാകില്ല. അങ്ങനെ കള്ളക്കടത്തിന് തടയിടാന്‍ വേണ്ടി ഉണ്ടാക്കിയ ഗള്‍ഫ് റുപ്പിയും RBI തന്നെയാണ് അച്ചടിച്ചു നല്‍കിയത്.


1959- മുതല്‍ ഗള്‍ഫില്‍ പ്രചാരത്തിനായി അച്ചടിച്ച ആ കറന്‍സികളാണ് ‘എക്സ്റ്റേണല്‍ രൂപ’ അല്ലെങ്കില്‍ ‘ഗള്‍ഫ് രൂപ’ എന്ന പേരിലാണറിയപ്പെട്ടത്. ഈ പ്രത്യേക നോട്ടുകള്‍ 100, 10, അഞ്ച്, രണ്ട്, ഒന്ന് എന്നിങ്ങനെ പല ഡിനോമിനേഷനിലാണ് അച്ചടിച്ചിരുന്നട്ത്.
ഉപയോഗിക്കുന്ന നിറങ്ങള്‍ക്കനുസരിച്ച് കറന്‍സി നോട്ടുകള്‍ വേര്‍തിരിക്കാം. ഇന്ത്യയിലെ ഒന്ന്, അഞ്ച്, 10, 100 രൂപ നോട്ടുകള്‍ വൈല്‍ഡ് പര്‍പ്പിള്‍, പച്ച, വയലറ്റ്, നീല നിറങ്ങളിലായിരുന്നപ്പോള്‍ ഗള്‍ഫ്‌റുപ്പികള്‍ ചുവപ്പ്, ഓറഞ്ച്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലായിരുന്നു. 1966- വരെ ആ സ്ഥിതി തുടര്‍ന്നു വന്നു. 1966 ആയപ്പോഴേക്കും പല വിധ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ഇന്ത്യയ്ക്ക് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറക്കേണ്ടി വന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രൂപ വില കുറഞ്ഞതായി. അത് ഇന്ത്യന്‍ നോട്ട് ഉപയോഗിക്കുന്ന ഗള്‍ഫുരാജ്യങ്ങളെയും ബാധിച്ചു.
പക്ഷേ അപ്പോഴേക്കും അവര്‍ക്ക് വേറൊരു നേട്ടമുണ്ടായി. ട്രൂഷ്യല്‍ സ്റ്റേറ്റുകളില്‍ ആ സമയമായപ്പോഴേക്കും എണ്ണ കണ്ടെത്തിയിരുന്നു. എണ്ണ ഉല്പാദനവും കയറ്റുമതിയും അവരെ സ്വന്തം കാലില്‍ നിര്‍ത്തി. ഇനി സ്വന്തം നിലയ്ക്ക് നോട്ടടിക്കുന്നതാവും നല്ലത് എന്ന് അവര്‍ കരുതി.

1961 ഏപ്രില്‍ 1 ന് കുവൈറ്റ് അവരുടെ ദിനാര്‍ അവതരിപ്പിച്ചു. സ്വന്തം കറന്‍സി അവതരിപ്പിച്ച ആദ്യ ഗള്‍ഫ് രാജ്യം അവരായി. നാല് വര്‍ഷത്തിന് ശേഷം, 1965 ഒക്ടോബര്‍ 16-ന് ബഹ്റൈനും സ്വന്തം കറന്‍സി അവതരിപ്പിച്ചു. ബഹ്റൈന്‍ സ്വന്തം കറന്‍സി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചയക്കുന്ന ഇന്ത്യന്‍ നാണയങ്ങള്‍ സ്റ്റെര്‍ലിംഗാക്കി മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതുവരെ സ്വന്തം നാണയങ്ങള്‍ അവതരിപ്പിക്കാത്ത ഗള്‍ഫ് രാജ്യങ്ങള്‍ക്ക്, ഇന്ത്യന്‍ നാണയങ്ങള്‍ പിന്‍വലിച്ചതുമൂലമുണ്ടായ ശൂന്യത നികത്താന്‍, ബഹ്റൈന്‍ സര്‍ക്കാര്‍ അവരുടെ നാണയങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലഭ്യമാക്കി. 1966 ജനുവരി പകുതി മുതല്‍ നാണയങ്ങള്‍ ലഭ്യമാക്കി. 1966 മുതല്‍ 1973 വരെ ട്രൂഷ്യല്‍ സ്റ്റേറ്റുകളില്‍ ഉപയോഗിച്ചിരുന്ന കറന്‍സി ഖത്തര്‍-ദുബായ് റിയാല്‍ ആയിരുന്നു. 1973 അവസാനത്തോടെയാണ് ദിര്‍ഹം വന്നത്. ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ് 1971-ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നറിയപ്പെട്ടു, 1972-ല്‍ റാസല്‍ ഖൈമയും ചേര്‍ന്നു. 1973 മെയ് 19-നാണ് യുഎഇ ദിര്‍ഹം ആദ്യമായി പ്രചാരത്തില്‍ വന്നത്. അതോടെ ഗള്‍ഫ് കറന്‍സി ഇടപാടിനുപയോഗിക്കാതായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കായി നോട്ടച്ചടിക്കുന്ന പരിപാടിയും ഇന്ത്യയും RBI യും അവസാനിപ്പിച്ചു. എങ്കിലും നമുക്ക് അഭിമാനിക്കാം.
ലോകത്ത് ഇന്ന് ഏറ്റവുമധികം കറന്‍സി മൂല്യമുള്ള നോട്ടുകള്‍ ഇറക്കുന്ന കുവൈറ്റ് വരെ കുറേക്കാലം നമ്മുടെ നോട്ടുകള്‍ ആണല്ലോ ഉപയോഗിച്ചത് എന്നതില്‍.

Article Categories:
History

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here