മറ്റാരു രാജ്യത്തിന്റെ പതാകയിലുമില്ലാത്ത ഒരു പ്രത്യേകത നേപ്പാളിന്റെ പതാകയ്ക്കുണ്ട്. സ്തംഭത്തോടടുക്കുമ്പോള്‍ വീതി കൂടിവരുന്ന രണ്ട് ത്രികോണരൂപങ്ങള്‍
ചേര്‍ന്ന സവിശേഷമായ രൂപം. ചതുഷ്‌കോണമല്ലാത്ത ലോകത്തിലേ ഒരേയൊരു ദേശീയപതാകയാണ് അത്. ദക്ഷിണേഷ്യയിലെ പതാകകളുടെ പരമ്പരാഗത രൂപമാണിത്.

നൂറ്റാണ്ടുകള്‍ക്കപ്പുറം മുതലേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉള്ള പരമ്പരാഗത പതാകാരൂപം ഇതായിരുന്നു എന്നതാണ് സത്യം. ഹിന്ദുമത പതാകകള്‍ എല്ലാം തന്നെ ത്രികോണ ആകൃതിയിലാണ്. സിഖുകാരുടെ പതാകയും അങ്ങനെയാണ്.
വളരെ സാധാരണമായ ആ ത്രികോണ പതാകാരൂപം തന്നെയാണ് പണ്ടത്തെ നേപ്പാള്‍ രാജാക്കന്മാര്‍ തങ്ങളുടെ പതാകയില്‍ സ്വീകരിച്ചത്. ജനാധിപത്യത്തിന്റെ പുതിയ കാലത്ത് പതാകയുടെ ഉള്ളടക്കം അവരൊന്ന് പരിഷ്‌കരിച്ചുവെങ്കിലും ആകൃതിയില്‍ മാറ്റം വരുത്തിയില്ല. പതാകയില്‍ രണ്ട് ത്രികോണരൂപങ്ങള്‍ ഒരു ഇരട്ടപ്പതാകയുടെ രൂപത്തില്‍ ഉപയോഗിച്ചിരുന്നു. പഴയ പതാകയുടെ ആ അടിസ്ഥാനരൂപം പുതിയ പതാകയിലുമുപയോഗിച്ചിട്ടുണ്ട്. പഴയ പതാക രണ്ടായിരത്തിലധികം വര്‍ഷമായി ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. വലത്തോട്ടുള്ള ആ രണ്ട് ത്രികോണങ്ങളുടെ പോയിന്റുകള്‍ ഹിമാലയത്തിന്റെ കൊടുമുടികളെയൊ അല്ലെങ്കില്‍ ഹിന്ദുമതം ബുദ്ധമതം എന്നിവയെയൊ ആണ് പ്രതിനിധീകരിക്കുന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അവ രണ്ട് പ്രബല കുടുംബങ്ങളെ കൂടി പ്രതിനിധീകരിക്കുന്നുണ്ടത്രെ.

പണ്ട് നേപ്പാള്‍ ഭരിച്ചിരുന്ന ഷാകളുടെയും റാണുകളുടെയും കുടുംബങ്ങളെ. നേപ്പാളിന്റെ ദേശീയ പതാകയുടെ നിറങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പ്രത്യേക അര്‍ത്ഥങ്ങളുണ്ട്. നീല ബോര്‍ഡറിനകത്ത് ക്രിംസണ്‍ നിറത്തിലാണ് പതാക. കടും ചുവപ്പ്. നേപ്പാളിന്റെ ദേശീയ നിറമാണത്. നേപ്പാളിലെ ജനതയുടെ ധൈര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഹിമാലയത്തില്‍ വളരുന്ന റോഡോഡെന്‍ഡ്രോണ്‍ ചെടിയില്‍ നിന്നാണ് ഈ നിറം സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. നേപ്പാളിന്റെ ദേശീയ പുഷ്പമാണ് റോഡോ ഡെന്‍ഡ്രോണ്‍. സമാധാനത്തെ സൂചിപ്പിക്കുന്ന നീലനിറമാണ് പതാകയുടെ അരികുകള്‍ക്കുള്ളത്. അതായത് ബോര്‍ഡര്‍ വര്‍ക്കിന്. അത് സമാധാനത്തെയും സഹവര്‍ത്തിത്ത്വത്തെയും സൂചിപ്പിക്കുന്നു. നേപ്പാളില്‍ ജനിച്ച ഗൗതമബുദ്ധന്റെ കാലം മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകവുമാണ് നീല ബോര്‍ഡര്‍.

പതാകയിലെ സൂര്യചന്ദ്രന്മാര്‍ സ്ഥിരതയെ സൂചിപ്പിക്കുന്നു. സൂര്യനും ചന്ദ്രനും ഉള്ളയിടത്തോളം കാലം നേപ്പാളും ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഇത് സൂചിപ്പിക്കുന്നത്. നേപ്പാള്‍ ശാന്തവും നേപ്പാളികള്‍ ശാന്തരുമാണെന്ന് ചന്ദ്രന്‍ പ്രതീകപ്പെടുത്തുന്നു. ചന്ദ്രന്‍ ഹിമാലയത്തിലെ തണുത്ത കാലാവസ്ഥയെയും ബിംബവത്കരിക്കുന്നുണ്ട്.അതേസമയം നേപ്പാളിന്റെ താഴ്ന്ന ഭാഗമായ തരായ് മേഖലയിലെ ചൂടിന്റെ ബിംബം കൂടിയാണ് സൂര്യന്‍. അത് ചൂടിനെയും ഉയര്‍ന്ന താപനിലയെയും പ്രതീകപ്പെടുത്തുന്നു. സൂര്യന്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. 1962 വരെ പതാകയിലെ സൂര്യനും ചന്ദ്രനും മനുഷ്യ മുഖമുണ്ടായിരുന്നു. അവ പുതിയ പതാകയുടെ രൂപത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കയാണിപ്പോള്‍. 1768 ല്‍ പൃഥ്വി നാരായണ്‍ ഷാ നേപ്പാളിലെ രാജാവായ ശേഷം എല്ലാ പ്രാദേശിക ഭരണവിഭാഗങ്ങളെയും ഒരു ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നപ്പോഴാണ് നേപ്പാളിന് പൊതുവായി ഒരു പതാക സൃഷ്ടിച്ചത്. നൂറ്റാണ്ടുകളോളം അവരതുപയോഗിച്ചു.

1962 ഡിസംബര്‍ 16-നാണ് പുതിയ ഭരണഘടന പ്രകാരം ഇപ്പോള്‍ കാണും വിധം പതാക നവീകരിച്ചത്. നിര്‍മ്മിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ആകൃതിയായതിനാല്‍ നേപ്പാളിന്റെ പതാക പലപ്പോഴും തെറ്റായിട്ടാണ് പലരും ചിത്രീകരിക്കാറ്. ഉദാഹരണത്തിന് 2016-ലെ ഒളിമ്പിക്‌സില്‍ ഒരു ദീര്‍ഘ ചതുരത്തിനകത്ത് കൊടി വരച്ചിരിക്കുന്ന രീതിയിലുള്ള പതാകയായിരുന്നു ഉപയോഗിച്ചത്. 2008 മെയ് മാസത്തില്‍ പുതിയ ഭരണഘടനയുടെ കരട് രൂപീകരണ വേളയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പതാകയുടെ ഇപ്പോഴത്തെ രൂപം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് ഹിന്ദുമതത്തെയും രാജവാഴ്ചയെയും പ്രതീകപ്പെടുത്തുന്നു എന്നാണ് കാരണമായി പറഞ്ഞത്. എന്നിരുന്നാലും ഈ നിര്‍ദ്ദേശം നിരസിക്കപ്പെടുകയാണുണ്ടായത്. എന്തായാലും ശരി. ലോകത്തേതാണ്ട് 280 ല്‍പ്പരം രാജ്യങ്ങളുടെ പതാകകള്‍ ഉള്ളതില്‍ ആകൃതിയില്‍ ഒരു തനിമ നിലനിര്‍ത്തുന്നു എന്നതാണ് നേപ്പാള്‍ പതാകയുടെ പ്രത്യേകത.