തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന് മുന്നില്‍ നടവഴിയില്‍ ഒരു മനുഷ്യ ശില്പം കാണപ്പെടുന്നു. കിരീടവും പൂണൂലും ധരിച്ച് ഒരു കൈയില്‍ ശംഖ് പിടിച്ച ഈ മനുഷ്യ രൂപത്തെ കഴുവേറ്റിയതു പോലെ മറ്റൊരു ചതുരത്തൂണിന്‍മേല്‍ മലര്‍ത്തി ക്കിടത്തിയിരിക്കുന്നു. കാണുന്നവരിൽ ആർക്കും കൗതുകം ഉണ്ടാക്കുന്നതാണ്ശി ഈ ശിലാരൂപം. ഇതു സ്ഥാപിച്ചതിന് പിന്നിൽ വാമൊഴികഥയുണ്ട്.
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് സംഭവം. ഒരിക്കൽ ഒരു ചെമ്പകശ്ശേരി രാജാവ് തൃക്കൊടിത്താനം ക്ഷേത്രത്തില്‍ തൊഴാനായി എത്തി. നടയടക്കുന്ന സമയത്തിനു മുമ്പ് അദ്ദേഹത്തിനു എത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ നടയടച്ച് പൂജാരിയും മാരാരും പുറത്തേക്കിറങ്ങുകയായിരുന്നു. രാജാവ് പൂജാരിയെയും മാരാരെയും പ്രലോഭിപ്പിച്ച് നട വീണ്ടും തുറപ്പിക്കുകയും ദേവനെ തൊഴുത് തിരിച്ചുപോകുകയും ചെയ്തു.
ഈ വിവരം എങ്ങനെയോ ഊരാളരുടെ ചെവിയിലെത്തി. അവര്‍ സഭ വിളിച്ചു ചേര്‍ത്തു. അവര്‍ പൂജാരിയുടെയും മാരാരുടെയും മേല്‍ ശിക്ഷണ നടപടി ഉണ്ടാകണമെന്ന അഭിപ്രായ ക്കാരായിരുന്നു. ഒരു നേരം നടയടച്ചു കഴിഞ്ഞാല്‍ ചക്രവര്‍ത്തി വന്നു പറഞ്ഞാല്‍ പോലും നട തുറക്കാന്‍ പാടില്ല എന്നാണ് നിയമം. ഈ ഗുരുതരമായ തെറ്റ് ചെയ്തവര്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്നതിന് ബ്രാഹ്മണര്‍ തെക്കുംകൂര്‍ രാജാവിന്‍റെ അഭിപ്രായം തേടി.
അക്കാലത്ത് ചങ്ങനാശ്ശേരി തെക്കുംകൂറിന്‍റെ ഒരു പ്രധാന ആസ്ഥാനമായിരുന്നു. രാജാവ് അടുത്ത ദിവസം തന്നെ തൃക്കൊടിത്താനത്ത് എത്തുകയും പ്രതികളെ ഹാജരാക്കി വിവരങ്ങള്‍ ആരായുകയും ചെയ്തു. അവര്‍ രാജാവിന്‍റെയും സഭയുടെയും സമക്ഷം മാപ്പിരന്നു. അവര്‍ക്ക് ഒരു ശിക്ഷയും കൊടുക്കാന്‍ രാജാവിന് മനസ്സ് വന്നില്ല. പ്രധാന പ്രതി അയൽ രാജ്യത്തെ രാജാവായതിനാൽ ശിക്ഷിക്കാനുമാവില്ലല്ലോ. പക്ഷെ, രാജ്യത്തെ പൊതു നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ ഒരു ശിലാരൂപത്തെ കൊത്തിച്ചുണ്ടാക്കി ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചു. ചെമ്പകശ്ശേരി രാജാവിനെ ഉദ്ദേശിച്ച് കിരീടവും പൂജാരിയെ ഉദ്ദേശിച്ച് പൂണൂലും മാരാരെ ഉദ്ദേശിച്ച് ഒരു കൈയില്‍ ശംഖും ഇതില്‍ പ്രതീകാത്മകമായി കൊത്തി വച്ചിരിക്കുന്നു.
കഴുവേറ്റിക്കല്ലുകൾ എന്ന പേരിൽ ഇത്തരം ശിലാരൂപങ്ങൾ മറ്റു പലയിടങ്ങളിലും കാണാവുന്നതാണ്. ഒരു കാലത്ത് ഏറ്റവും പ്രാകൃതവും ദയാ രഹിതവുമായ വധ ശിക്ഷാ മാർഗ്ഗ മായിരുന്നു കഴുവേറ്റൽ. നെടുകെ നാട്ടിയ കൂർത്ത കമ്പി മേൽ കുറ്റവാളിയെ കോർത്തിടും. വെയിലേറ്റും ആഹാരവും വെള്ളവും കിട്ടാതെയും വൈകാതെ കുറ്റവാളി മരിക്കും. ഉയർന്ന ജാതിക്കാരിൽ ഇത്തരം ശിക്ഷ നടപ്പാക്കിയിരുന്നില്ല. എന്നാൽ അവരിൽ പെട്ടവർക്ക് കടുത്ത ശിക്ഷ എന്ന നിലയിൽ ഭരണാധികാരികൾ സ്വീകരിച്ച മറ്റൊരു വഴിയായിരുന്നു ഇത്തരത്തിലുള്ള പ്രതീകാത്മക ശിക്ഷാരീതി. ബുദ്ധമത വിശ്വാസികളെ ബ്രാഹ്മണാധിപത്യ കാലത്ത് കഴുവേറ്റിയിരുന്നെന്നും അതിന്റെ സ്മാരകമായിരുന്നു ഇവയൊക്കെയുമെന്ന് വാദിക്കുന്നവരുമുണ്ട്.
എന്തായാലും മദ്ധ്യകാലത്തിന് മുമ്പു തന്നേ തുടങ്ങിയെന്ന് കരുതാവുന്ന “ശിക്ഷാവിധിയായി പ്രതീകാത്മകമായ പരസ്യപ്പെടുത്തൽ” തൃക്കൊടിത്താനത്ത് തെക്കുംകൂർ രാജാവ് നടപ്പിലാക്കിയതാവാം എന്നതിനാണ് കൂടുതൽ പ്രചാരമുള്ളത്.