“ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവുമില്ലാത്തവര്‍ക്ക് തൊപ്പിയെത്തൊടാന്‍ അവകാശമില്ല…” ഇത് ഞാന്‍ പറഞ്ഞതല്ല. പ്രമുഖ എഴുത്തുകാരനും സിനിമാതാരവുമായ വി.കെ. ശ്രീരാമന്‍ പറഞ്ഞതാണ്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തനിമ ചോരാതെ വെടിപ്പായി അദ്ദേഹം മുഖപുസ്തകത്തില്‍ കുറിക്കാറുണ്ട്. എഴുത്തുകാരനും നടനുമാകുമ്പോള്‍ അത് ജനം ശ്രദ്ധിക്കും. ഈയിടെ സമൂഹത്തില്‍ കോളിളക്കമുണ്ടാക്കിയ തൊപ്പി സംഭവത്തെ കുറിച്ചും വി.കെ.ശ്രീരാമന്‍ എഴുതി.

”ഘനീഭൂതമായ ഏതു നിയമത്തേയും മാറ്റാനും റദ്ദുചെയ്യാനും മനസ്സിനാവുമെന്ന് ‘സാവിത്രി’യില്‍ അരവിന്ദ മഹര്‍ഷി പറയുന്നു.
മറ്റു ചെയ്തികളെല്ലാം ഉപേക്ഷിച്ച് ഒരാള്‍ സദാ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരു വേള സമൂഹം അയാള്‍ക്കൊപ്പം കൂടുന്നു, ആ ആനന്ദത്തില്‍ പങ്കുചേരുന്നു.
ആയിരക്കണക്കിന് ആസ്വാദകര്‍ തൊപ്പി എന്നറിയപ്പെടുന്ന യൂറ്റിയൂബര്‍ക്ക് ഉണ്ടെന്ന് അറിയുന്നു. ഈ ചെറുപ്പക്കാരന്‍ പക്ഷെ, സ്വന്തം വീട്ടില്‍ ഒറ്റയ്ക്കാണ്. അടച്ചിട്ട മുറിയില്‍ അയാള്‍ തന്റെ അനുയായികള്‍ക്കൊപ്പം സദാ കര്‍മ്മനിരതനാവുന്നു ആനന്ദിക്കുന്നു.
ഉമ്മയ്ക്ക് അവനോട് സ്‌നേഹവും വാത്സല്യവുമുണ്ട്. അദ്ധ്യാപകനായ പിതാവ് ഈ മകനില്‍ നിന്ന് അകന്നും കഴിയുകയാണ്.
രണ്ടു ദിവസം മുമ്പാണ് ഈ ചെറുപ്പക്കാരന്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടുന്നത്. ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. വീട്ടിലെ അടച്ചിട്ട മുറിയില്‍ നിന്നെന്ന പോലെ അയാള്‍ പാടുകയും നൃത്തം ചെയ്യുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നു. ക്രമസമാധാനനില തകരാറിലാവുന്നു.
പോലീസ് എത്തി ‘തൊപ്പി’ യെ അറസ്റ്റു ചെയ്യുന്നു. കേസ്സെടുക്കുന്നു.
എനിക്കൊന്നേ പറയാനുള്ളൂ.
ഇവന്‍ നമ്മുടെ മകനോ സഹോദരനോ ചെങ്ങാതിയോ ആണ്. നമ്മളിലുള്ള ‘തൊപ്പി’ യെ നാം അടക്കിയൊതുക്കി നിര്‍ത്തിയിരിക്കുകയുമാണ്.
ആകയാലും സുഹൃത്തുക്കളെ ഇവനോട് കരുണ കാണിക്കുക.
ഇവനോട് സ്‌നേഹമുള്ളവരാവുക.
ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവുമില്ലാത്തവര്‍ക്ക് തൊപ്പിയെത്തൊടാന്‍ അവകാശമില്ല.
പ്രിയപ്പെട്ടവനേ, ഒരു ഉത്തമനായ സാമൂഹ്യ ജീവിയാവാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
യാ ഫത്താഹ്
സര്‍വ്വശക്തനായ തമ്പുരാനെ
ഇവനെ നീ കാത്തുകൊള്ളണേ..”
ഇതാണ് പോസ്റ്റ്. നാടൊന്നടങ്കം തൊപ്പിയെ വിമര്‍ശിച്ച് രംഗത്തുവരുമ്പോള്‍ വ്യത്യസ്ത നിലപാടുകള്‍ ശ്രദ്ധപിടിച്ചുപറ്റുകതന്നെ ചെയ്യും. എഴുത്തുകാരന്റെ തന്ത്രമാണത്. ഇതേ നിലപാട് മുമ്പും സ്വീകരിച്ചവര്‍ക്ക് നേരെ സമൂഹം വിയോജനക്കുറിപ്പുകളെഴുതി. അതിനായി തുരുമ്പിച്ച പേനയില്‍ മഷിനിറയ്ക്കാനോടിയവരെയും കണ്ടു. ഡിവൈഎഫ്‌ഐ തൊപ്പിക്കെതിരെ പരസ്യമായ നിലപാടുയര്‍ത്തിയപ്പോള്‍ ഇടതുപക്ഷസഹയാത്രികയായ സുനിത ദേവദാസ് തൊപ്പിയെ അനുകൂലിച്ച് തന്റെ മുഖപുസ്തകത്തിലെഴുതിയ കുറിപ്പിനെതിരെ ഫോളോവേഴ്‌സ് പ്രതികരിച്ചത് ഉദാഹരണമായി പറയാം. പലരും അവര്‍ക്കുള്ള പിന്തുണയും പിന്‍വലിച്ചു.

അതേസമയം വി.കെ.ശ്രീരാമന്റെ കുറിപ്പിന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നത് ശ്രദ്ധേയമായി. എന്നാല്‍ ഇതില്‍ ഒരു അധ്യാപിക അവരുടെ സ്‌നേഹം തുളുമ്പുന്ന വാക്കുകളാല്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത് എടുത്തുപറയേണ്ടിവരും.
”വളരെ അരക്ഷിതമായിരുന്ന തന്റെ ബാല്യ കൗമാരങ്ങളെ കുറിച്ച് തൊപ്പി സംസാരിക്കുമ്പോള്‍ ആ പയ്യനോട് അനുകമ്പ തോന്നുക സ്വാഭാവികം. എനിക്ക് സങ്കടം വരുന്നു.. എന്നു ഞാനൊന്നു പറഞ്ഞു പോയതിന് കേട്ട ചീത്തകള്‍ക്കു കണക്കില്ല. ഞാനൊരു അധ്യാപികയും അമ്മയുമാണ്. എന്റെ മുന്നിലിരുന്ന കുട്ടികളിലൊരാളായേ അവനെ എനിക്കു കാണാന്‍ കഴിയൂ..”
അമ്മ മനസ്സുള്ള അധ്യാപിക. ഈ അധ്യാപികയുടെ വിദ്യാര്‍ത്ഥികള്‍ എത്ര ഭാഗ്യവാന്‍മാര്‍.
ഒറ്റപ്പെടലില്‍നിന്നുണ്ടായ വിഭ്രാന്തി, തലച്ചോറിലുണ്ടായ മാറ്റങ്ങള്‍ ചികിത്സിച്ചാല്‍മാറ്റാവുന്നതേയുള്ളൂ എന്ന് മറ്റൊരാള്‍ കമന്റിട്ടു. കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് വി.കെ.ശ്രീരാമന്റെ മറുപടി.
ശ്രീരാമേട്ടന്‍ പറഞ്ഞ ഈ വിചാര വികാരങ്ങളൊക്കെ എല്ലാവരിലും ഏറിയും കുറഞ്ഞും അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ട്. സഭ്യമല്ലാത്ത പദപ്രയോഗത്തിനും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. അത് സ്വാഭാവിക നടപടിക്രമം മാത്രം-എന്ന് മറ്റൊരാള്‍.
ഗതാഗതതടസ്സം സൃഷ്ടിച്ചതിനാണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പൊതുയോഗവും സമരവും ഉണ്ടാക്കുന്ന പൊല്ലാപ്പുകളോളം വരുമോ എന്നൊരു മറുവാദവും ഉയര്‍ന്നു. കൂടെ അനുയായികള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഈ നാട്ടില്‍ എന്തും ആകാം എന്നാണ്.
”ശ്രീരാമേട്ടാ, അവനൊരു അടി കൊടുത്താല്‍ നേര്യാവും എന്ന അച്ഛന്‍ ചിന്താഗതിയാവും പൊലീസിന്. അതും നാട്ടുനന്മയോ? ” സപ്പോര്‍ട്ട് രേഖപ്പെടുത്തിയ കമന്റുകള്‍ക്കിടെ ഒരെണ്ണം മുഴച്ചുനിന്നു.
ഒരു തൊപ്പി ആരിലും ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്. എല്ലാ മനുഷ്യരിലും തൊപ്പി ഒളിഞ്ഞുകിടക്കുന്നു. ഒളിഞ്ഞുകിടക്കേണ്ട തൊപ്പിത്തരം അവനില്‍ തെളിഞ്ഞുകിടക്കുന്നു എന്ന വ്യത്യാസം മാത്രം. അതിന് മൊത്തം സമൂഹത്തിനും പങ്കുണ്ട്. തൊപ്പിത്തരത്തില്‍ ആകൃഷ്ടരായ കുഞ്ഞുതലമുറ അവനൊരു പ്രോത്സാഹനമായി മാറി എന്നത് കാണാതെ പോകരുത്. കമന്റ് വിശദീകരിച്ചു. അതേസമയം ചുരുളിയെ അംഗീകരിച്ച നമ്മളൊക്കെ തൊപ്പിയെ എന്തിന് മാറ്റിനിറുത്തണം എന്ന ചോദ്യവുമുയര്‍ന്നു.
ഒരു സംഭവമുണ്ടാകുമ്പോള്‍ അതിനെ ഒരേയൊരു ആംഗിളില്‍ മാത്രം വിശകലനം ചെയ്യുന്നത് എന്തായാലും ആശാസ്യകരമായി തോന്നുന്നില്ല. അസഭ്യ സംഭാഷണം നടത്തുന്ന തൊപ്പിക്ക് കുട്ടികളാണ് ഫോളോവേഴ്‌സ് എന്നതാണ് പൊതുസമൂഹത്തെ ചൊടിപ്പിച്ച മറ്റൊന്ന്. സമൂഹം കുട്ടികളുടെ മേല്‍ അടിച്ചേല്‍പിച്ച ചട്ടക്കൂടുകള്‍ ചിതലരിച്ചു വീണു തുടങ്ങിയെന്നതിന് ഉത്തമ ഉദാഹരമാണ് തൊപ്പിക്കുവേണ്ടി കുട്ടികള്‍ ഉയര്‍ത്തുന്ന പ്രതിരോധം. ഇത് സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. മാറുന്ന ലോകത്തിനനുസരിച്ച് ചിന്താഗതികള്‍ അഴിച്ചുപണിതില്ലെങ്കില്‍ ഇതുപോലെ ഇനി പലതും കാണാന്‍ നാം സാക്ഷിയാകും. എന്നാല്‍ മതപ്രഭാഷകരെ പ്രതിരോധിക്കുന്ന സെക്കുലര്‍ വിഭാഗവും തൊട്ടാല്‍ കൈപൊള്ളുന്ന തൊപ്പിയുടെ സെക്കുലര്‍ ചിന്തകളെ സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.